കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്‍ഷിക കര്‍മസേന

Posted on: December 30, 2013 1:50 am | Last updated: December 30, 2013 at 1:50 am

AGRICULTURE_23604fതിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്‍ഷിക കര്‍മ സേനകള്‍ രംഗത്തേക്ക്. കാര്‍ഷിക കര്‍മ സേനകളുടെ രൂപവത്കരണത്തോടെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കണ്ടെത്താനായേക്കും. കൂടുതല്‍ ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൃഷി വകുപ്പ് കാര്‍ഷിക കര്‍മ സേനക്ക് രൂപം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് കര്‍ഷകര്‍ നിരവധി കാര്‍ഷിക പ്രശ്‌നങ്ങളാണ് നേരിടുന്നത്. കൃഷിയില്‍ താത്പര്യമുണ്ടെങ്കിലും മേഖല നേരിടുന്ന നിരവധി പ്രശ്‌നങ്ങളാല്‍ പലരും കാര്‍ഷികവൃത്തി ഉപേക്ഷിക്കുകയാണ്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്തതും ആവശ്യമായ സമയത്ത് കാര്‍ഷിക പരിചരണം ലഭ്യമല്ലാത്തതും അശാസ്ത്രീയസമീപനങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ശരിയായ വിപണി ലഭിക്കാത്തതുമെല്ലാം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇതിനെല്ലാം പരിഹാരമായാണ് കൃഷിവകുപ്പ് കാര്‍ഷിക കര്‍മ സേനക്ക് രൂപം നല്‍കുന്നത്.
കാര്‍ഷിക ജോലികള്‍ക്ക് തൊഴിലാളികളെ കണ്ടെത്തി അര്‍ഹമായ വേതന നിരക്കില്‍ ആവശ്യമുള്ള കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് കാര്‍ഷിക കര്‍മ സേനയിലൂടെ കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. ഓരോ പഞ്ചായത്തുകളിലും കൃഷിയില്‍ താത്പര്യമുള്ള ഒരു കൂട്ടം യുവാക്കളെ കണ്ടെത്തി അവരുടെ സംഘങ്ങള്‍ രൂപവത്കരിക്കുകയാണ് പ്രാഥമിക ഘട്ടത്തില്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ സംഘങ്ങള്‍ രൂപവത്കരിക്കുന്നതിന് കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ ഒരുകോടി രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ 200 പഞ്ചായത്തുകളിലും തൊഴിലാളികളുടെ ഗ്രൂപ്പിന് രൂപം നല്‍കും. 92 പഞ്ചായത്തുകളില്‍ ഇതിനോടകം ഗ്രൂപ്പ് രൂപവത്കരണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 18 സംഘങ്ങളും കോഴിക്കോട് ഒന്‍പതും പാലക്കാട് എട്ടും വയനാട് മൂന്നും മലപ്പുറത്തും തൃശൂരും എറണാകുളത്തും ഏഴും ഇടുക്കിയിലും കോട്ടയത്തും കൊല്ലത്തും കാസര്‍കോട്ടും അഞ്ചും ആലപ്പുഴയില്‍ മൂന്നും പത്തനംതിട്ടയില്‍ രണ്ടും തിരുവനന്തപുരത്ത് എട്ടും സംഘങ്ങളാണ് രൂപവത്കരിച്ചിട്ടുള്ളത്.
കര്‍മസേനക്ക് രൂപം നല്‍കുന്നതിന്റെ മുന്നോടിയായി അഡൈ്വസറി കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ 87 പഞ്ചായത്തുകളില്‍ നടക്കുന്നുണ്ട്. 78 പഞ്ചായത്തുകളില്‍ ഇതിനോടകം അഡൈ്വസറി കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്.

ALSO READ  പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യാനൊരുങ്ങി ഝാര്‍ഖണ്ഡ്