ചൈനയും തിരിച്ചറിയുന്നു

Posted on: December 30, 2013 6:00 am | Last updated: December 30, 2013 at 1:05 am

siraj copyമിഥ്യാധാരണകളും ആശയപരമായ വിഡ്ഢിത്തങ്ങളും ദശകങ്ങളോളം കൊണ്ടുനടക്കുന്ന കാര്യത്തില്‍ വ്യക്തികളെന്നോ രാഷ്ട്രങ്ങളെന്നോ വ്യത്യാസമില്ല. ചുറ്റുമുള്ള ലോകം എത്ര ശക്തിയായി വിമര്‍ശിച്ചാലും ശരിയായ വഴി കാണിച്ചാലും ഈ ശാഠ്യങ്ങള്‍ കൈവിടില്ല. ലോകത്തെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ചൈന ഇത്തരം ശാഠ്യങ്ങളുടെ കൂടാരമായിരുന്നു. എന്നാല്‍ ചൈന വലിയ തിരുത്തലുകളുടെ പാതയിലാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് അവിടെ നിന്നു വരുന്നത്. ജനസംഖ്യ ഒരു ഭാരവും പാപവുമായി കാണുന്ന മാല്‍ത്തൂസ്യന്‍ സിദ്ധാന്തങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച് കമ്മ്യൂണിസ്റ്റ് ചൈനക്ക് മടുത്തിരിക്കുന്നു. മാനവ വിഭവശേഷി രാജ്യത്തിന് ബാധ്യതയല്ല സാധ്യതയാണെന്ന് വൈകിയെങ്കിലും ആ രാജ്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. അത്യന്തം കര്‍ക്കശമായി നടപ്പാക്കിയിരുന്ന ഏക സന്താന നയത്തില്‍ അയവ് വരുത്തുന്ന പ്രമേയം ചൈനീസ് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പാസാക്കി. ഒരു കുടുംബത്തില്‍ ഒറ്റ കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന 1979ലെ നിയമത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. നവംബറില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ചാണ് നയം മാറ്റം. രണ്ട് കുട്ടികള്‍ ആകാമെന്നതിലേക്കേ സര്‍ക്കാറും പാര്‍ട്ടിയും വന്നിട്ടുള്ളൂവെങ്കിലും ജനന നിയന്ത്രണമെന്ന തികച്ചും ജൈവികവിരുദ്ധവും മനുഷ്യത്വരഹിതവുമായ ആശയത്തില്‍ നിന്നുള്ള തിരിച്ചുനടത്തമെന്ന നിലയില്‍ അതിന് ഏറെ പ്രസക്തിയുണ്ട്. ജനുവരി ആദ്യ പാദം മുതല്‍ പുതിയ നയം നടപ്പാക്കിത്തുടങ്ങുമെന്നാണ് വിവരം.
ചൈനയില്‍ നടപ്പാക്കി വരുന്ന ഏക സന്താന നയം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. രണ്ടാമത്തെ കുഞ്ഞിന് സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും നല്‍കാതിരിക്കുക തന്നെയാണ് ഏറ്റവും വലിയ ശിക്ഷ. അവന്‍/അവള്‍ ‘അനാവശ്യമായ’ സൃഷ്ടിപ്പായി മാറുന്നു. ഒരു രേഖയിലേക്കും അവര്‍ക്ക് പ്രവേശമില്ല. രക്ഷിതാക്കള്‍ അനുഭവിക്കേണ്ട ക്രൂരമായ ശിക്ഷാ നടപടികള്‍ വേറെയും. അതുകൊണ്ടുതന്നെ രണ്ടാമത്തെ കുഞ്ഞിലേക്ക് ജീവശാസ്ത്രപരമായി എത്തിച്ചേര്‍ന്ന മനുഷ്യര്‍ വല്ലാതെ സമ്മര്‍ദത്തിലകപ്പെട്ടു. പലരും ഗര്‍ഭച്ഛിദ്രത്തില്‍ അഭയം തേടി. ആണ്‍കുട്ടികള്‍ വേണമെന്ന അതിയായ താത്പര്യം ഈ സാഹചര്യത്തെ കൂടുതല്‍ മാരകമാക്കി. ലിംഗ നിര്‍ണയത്തിന് ശേഷമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ പെരുകി. ജനിച്ച കുട്ടികളെ തെരുവില്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ ശിശുമന്ദിരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറത്തേക്ക് ഇത്തരം കുട്ടികളുടെ എണ്ണം വളര്‍ന്നു. ചിലര്‍ കുട്ടികളെ ‘ഒളിപ്പിച്ചു’താമസിപ്പിച്ചു.
കണക്കുകള്‍ക്ക് പിടികൊടുക്കാതെ ഇത്തരം കുട്ടികള്‍ വളര്‍ന്നു. ഗ്രാമവാസികള്‍ക്കും ഗോത്ര വിഭാഗങ്ങള്‍ക്കും മാത്രമാണ് ഈ നയത്തില്‍ ഇളവുണ്ടായിരുന്നത്. പിന്നീട് സഹോദരനോ സഹോദരിയോ ഇല്ലാത്തയാളാണ് ദമ്പതികളില്‍ ഒരാളെങ്കില്‍ രണ്ടാമത്തെ കുഞ്ഞാകാമെന്ന ഇളവ് നല്‍കി. ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഏകസന്താന നയം നടപ്പാക്കുന്നത് വലിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴി വെച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഒന്നിലധികം കുഞ്ഞ് ജനിച്ചാല്‍ അതൊരു പ്രശ്‌നമല്ലാതെ വന്നു. ഈ പ്രതിസന്ധികള്‍ക്കെല്ലാമിടയിലും ഏക സന്താന നയത്തിന്റെ അപദാനങ്ങള്‍ക്ക് മുതിരുകയായിരുന്നു ഔദ്യോഗിക മാധ്യമങ്ങള്‍.
ആണ്‍കുട്ടികള്‍ മാത്രമുള്ള ഊഷരമായ ഒരു സമൂഹമായി ചൈന മാറുന്നുവെന്ന ഭീതി ജനിപ്പിക്കുന്ന തരത്തിലാണ് സ്ത്രീ- പുരുഷ അനുപാതം ചെന്നെത്തിയത്. ഇന്നത്തെ നിലയില്‍ പോയാല്‍ 2020-ല്‍ ചൈനയിലെ 24 ദശലക്ഷം ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കില്ലെന്ന് ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സ് കണക്കുകൂട്ടുന്നു. കുടുംബാസൂത്രണം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 107 പുരുഷന്മാര്‍ക്ക് നൂറ് സ്ത്രീകള്‍ എന്ന നിലയിലായിരുന്നു കണക്കുകള്‍. തൊണ്ണൂറുകളില്‍ അത് 111 പുരുഷന്മാര്‍ക്ക് നൂറ് സ്ത്രീകള്‍ എന്നതിലേക്കും മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ 116:100 എന്ന അനുപാതത്തിലേക്കും മാറി. ഗ്രാമീണ മേഖലയില്‍ ഈ പ്രശ്‌നം അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 130 പുരുഷന്മാര്‍ക്ക് നൂറ് സ്ത്രീകള്‍ എന്നാണ് ശരാശരി കണക്ക്. ഒടുവിലിപ്പോള്‍ രാജ്യത്ത് വൃദ്ധജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യുന്നതടക്കമുള്ള ഗുരുതരമായ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് ഏക സന്താന നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഭരണകൂടം തീരുമാനിച്ചത്. ചൈന സാമ്പത്തികമായി വികസിച്ചിട്ടുണ്ടെങ്കില്‍ അത് ലോകത്തെ ഏറ്റവും വലിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണെന്ന് ഇന്ന് അവര്‍ തിരിച്ചറിയുന്നു. ഒരു കുഞ്ഞ് ജനിക്കുന്നത് വായയുമായി മാത്രമല്ല, രണ്ട് കൈകളുമായി കൂടിയാണെന്ന് ഭാഗികമായെങ്കിലും അവര്‍ സമ്മതിക്കുകയാണ്. കുടംബത്തിന്റെ വലിപ്പം എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കുണ്ട്. ജനനം ജൈവികമാണ്. ജനന നിയന്ത്രണം പ്രകൃതിവിരുദ്ധവും.