ആപ് കി സര്‍ക്കാര്‍

Posted on: December 29, 2013 6:00 am | Last updated: December 29, 2013 at 12:29 pm

walന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ച് രാജ്യതലസ്ഥാനം ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി (എ എ പി) അധികാരത്തിലേറി. ഒരു വര്‍ഷം മാത്രം പ്രായമുള്ള എ എ പിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ ഏഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജന്‍ ലോക്പാലിന് വേണ്ടി അന്നാ ഹസാരെ സംഘം നടത്തിയതടക്കമുള്ള നിരവധി സമരങ്ങള്‍ക്ക് വേദിയായ രാം ലീലാ മൈതാനിയില്‍ തിങ്ങി നിറഞ്ഞ ജനാവലിക്കു മുന്നില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് നാല്‍പ്പത്തഞ്ചുകാരനായ കെജ്‌രിവാള്‍.
കെജ്‌രിവാളിനൊപ്പം കാബിനറ്റ് മന്ത്രിമാരായി ആറ് പേരും സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടിയില്‍ രണ്ടാമനായ മനീഷ് സിസോദിയ, സോമനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍, ഗിരീഷ് സോണി, സൗരവ് ഭരദ്വാജ് എന്നിവരാണ് ഇന്നലെ അധികാരമേറ്റത്. ദൈവനാമത്തിലാണ് കെജ്‌രിവാളും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം ചൊല്ലുന്നതിന് മുമ്പായി രാഖി ബിര്‍ള ‘ഭരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കി വ്യത്യസ്തയാകാന്‍ ശ്രമിച്ചു. എ എ പി പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആയിരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. വെളുത്ത ആം ആദ്മി തൊപ്പിയണിഞ്ഞാണ് പ്രവര്‍ത്തകര്‍ എത്തിയത്. തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂലും പലരുടെയും കൈയിലുണ്ടായിരുന്നു. നേതാക്കള്‍ സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ മുദ്രാവാക്യം മുഴക്കിയും ദേശീയ പതാക വീശിയും അവര്‍ ആവേശം പ്രകടിപ്പിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെജ്‌രിവാളിനെയും മന്ത്രിമാരെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നാ ഹസാരെയും അഭിനന്ദനമറിയിച്ചു.
ഡല്‍ഹിയില്‍ ഒരോ പൗരനുമാണ് അധികാരത്തിലെത്തുന്നതെന്ന് സത്യപ്രതിജ്ഞക്കു ശേഷം കെജ്‌രിവാള്‍ പറഞ്ഞു. അതുകൊണ്ടു തന്നെ സര്‍ക്കാറിനെ ജനങ്ങള്‍ കാത്തു സൂക്ഷിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് മെട്രോ ട്രെയിനില്‍ സഞ്ചരിച്ചാണ് കെജ്‌രിവാളും മന്ത്രിമാരും പാര്‍ട്ടി എം എല്‍ എമാരും ബാരഖംബ റോഡ് സ്റ്റേഷനില്‍ എത്തിയത്. അധികാരമേറ്റ ഉടന്‍ ജല ബോര്‍ഡ് മേധാവിയടക്കം അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വി ഐ പി വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
28 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായ എ എ പി കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് അധികാരത്തിലേറുന്നത്. 32 സീറ്റുള്ള ബി ജെ പി സര്‍ക്കാറുണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനിന്നതോടെ സര്‍ക്കാര്‍ രൂപവത്കരണ ദൗത്യം എ എ പിയില്‍ വന്നു ചേരുകയായിരുന്നു. എട്ട് സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.