ആത്മാര്‍ഥത തെളിയിക്കണം

Posted on: December 29, 2013 6:00 am | Last updated: December 29, 2013 at 12:31 am

siraj copyകോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇതാ, താനൊഴികെയുള്ള പാര്‍ട്ടി നേതൃത്വത്തിനെതിരെ രണ്ടാമത് വെടിയും പൊട്ടിച്ചിരിക്കുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുകയും ഫലത്തില്‍ അവരെ രാഷ്ട്രീയ വനവാസത്തിലാക്കുകയും ചെയ്യുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭയെടുത്ത തീരുമാനത്തിനെതിരെയായിരുന്നു രണ്ട് മാസം മുമ്പ് രാഹുല്‍ പൊട്ടിച്ച ആദ്യ വെടി. മന്ത്രിസഭയും കോണ്‍ഗ്രസിന്റെ കോര്‍ ഗ്രൂപ്പും അംഗീകരിച്ച ഓര്‍ഡിനന്‍സിനെ ‘തികഞ്ഞ അസംബന്ധ’മെന്ന് രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചതോടെ കേന്ദ്ര സര്‍ക്കാറും കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പടക്കമുള്ളവരും ഓര്‍ഡിനന്‍സ് തീരുമാനം ഉപേക്ഷിച്ചു. സമാനമാണ് രണ്ടാമത്തെ വെടിയും. ഇവിടെ പ്രതിക്കൂട്ടില്‍ മഹാരാഷ്ട്രാ സര്‍ക്കാറാണെന്നതാണ് വ്യത്യാസം. കനല്‍ക്കട്ടയിലും ഉറുമ്പരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമായ സൂചന നല്‍കിയ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണം സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടിക്കെതിരെയാണ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച പൊട്ടിത്തെറിച്ചത്.
കുംഭകോണം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രിമാരായ നാല് കോണ്‍ഗ്രസ് നേതാക്കളും എന്‍ സി പി, ബി ജെ പി, ശിവസേന കക്ഷികളിലെ നിരവധി നേതാക്കളും അഴിമതി നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥ മേലാളന്മാര്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കാന്‍ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളുടെ യോഗാനന്തരം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വ്യക്തിപരമായ നിലപാട് വിശദീകരിച്ചത്. സംസ്ഥാന മുഖ്യമന്ത്രി പൃഥ്വീരാജ് ചവാനെ അരികത്തിരുത്തിയാണ് മന്ത്രിസഭാ തീരുമാനത്തെ അപലപിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച രാഹുല്‍, തീരുമാനം പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശം ശിരസ്സാവഹിക്കാന്‍ മുഖ്യമന്ത്രി ചവാന്‍ തയ്യാറായാല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്കതിടയാക്കുമെന്ന് തീര്‍ച്ചയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
ഈയിടെ നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വിധിയെഴുതാന്‍ സമ്മതിദായകരെ പ്രേരിപ്പിച്ചത് അഴിമതിക്കെതിരായ ജനവികാരമാണെന്ന് രാഹുല്‍ ഗാന്ധി വിലയിരുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞതും അതാണ്. അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിന് കാരണവും മറ്റൊന്നല്ല. പിറന്നു വീണിട്ട് മാസങ്ങള്‍മാത്രം പിന്നിട്ട ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭയിലെ 70 സീറ്റില്‍ 28 എണ്ണം പിടിച്ചെടുത്തപ്പോള്‍ പ്രഹരമേറ്റത് അതുവരെ ഭരണം നടത്തിയ കോണ്‍ഗ്രസിനാണ്- വെറും 8 സീറ്റില്‍ അവര്‍ ഒതുങ്ങി. വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ലോക്പാല്‍ നിയമം തുടങ്ങിയവയെല്ലാം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് മുഴുവന്‍ കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ അതിനായി പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാകില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഴിമതി തന്നെയാകും പ്രധാന പ്രചാരണ വിഷയം. കോണ്‍ഗ്രസ് മുഴക്കുന്ന അഴിമതിവിരുദ്ധത ആത്മാര്‍ഥതയോടെയുള്ളതാണെങ്കില്‍ അഴിമതിയുടെ പേരില്‍ കളങ്കിതരായ നിരവധി നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതെ വരും. അവരും അടങ്ങിയിരിക്കുമെന്ന് കരുതാന്‍ വയ്യ. റോബര്‍ട്ട് വദ്‌റക്കെതിരെ ഉയര്‍ന്ന ഭൂമി തട്ടിപ്പ് കേസും മറ്റും കോണ്‍ഗ്രസിലുള്ളവര്‍ തന്നെ വീണ്ടും കുത്തിപ്പൊക്കും. പ്രതിപക്ഷത്തിന്റെ ആരോപണ ശരങ്ങള്‍ അത്ര ലളിതമായി നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് നിസ്സംശയം പറയാം.
കാര്‍ഗില്‍ യുദ്ധവീരന്മാരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനാണ് ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി രൂപവത്കരിച്ചതും 31 നിലകളില്‍ പാര്‍പ്പിട സമുച്ചയം പണിതുയര്‍ത്തിയതും. ഇതില്‍ 25 ഫഌറ്റുകള്‍ ബിനാമി ഇടപാടിലൂടെ രാഷ്ട്രീയ നേതാക്കളും സൈനിക ഓഫീസര്‍മാരടക്കമുള്ളവരും കൈക്കലാക്കുകയായിരുന്നു. ഇതില്‍ നടന്ന കുംഭകോണം ഇന്ന് നാട്ടില്‍ പാട്ടാണ്. കുംഭകോണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനും അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് രാജ്യം ഒന്നാകെ ഉറ്റുനോക്കുകയാണ്. അഴിമതിക്കെതിരേയും അവശ്യസാധന വിലക്കയറ്റത്തിനെതിരെയും മറ്റും ഇപ്പോള്‍ ബോധവാന്മാരാകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ ആത്മാര്‍ഥത തെളിയിച്ചാല്‍ അവര്‍ക്ക് നല്ലത്, രാജ്യത്തിനും.