ദുബൈ കനാല്‍ പദ്ധതി: ചാല് കീറല്‍ ജോലി ആരംഭിച്ചു

Posted on: December 28, 2013 9:04 pm | Last updated: December 28, 2013 at 9:04 pm

dubai canalദുബൈ: നഗരത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഉള്‍പ്പെടുന്ന ദുബൈ കനാല്‍ പദ്ധതിക്ക് തുടക്കമായി. 200 കോടി ദിര്‍ഹം ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ഭാഗമായി കനാലിനായുള്ള ചാലു കീറല്‍ പ്രവര്‍ത്തിക്കാണ് സഫ പാര്‍ക്കിന് സമീപം തുടക്കമായത്. കനാല്‍ നിര്‍മാണത്തില്‍ ലോകോത്തര കമ്പനിയായ മാപ ആന്‍ഡ് ഗുനാല്‍ കണ്‍സ്ട്രക്ഷനാണ് പദ്ധതിയുടെ കരാര്‍ നേടിയത്.
ഹാള്‍ക്രോ ആന്‍ഡ് പാര്‍സണ്‍സിനെയാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി ആര്‍ ടി എ നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തികള്‍ക്കാണ് തുടക്കമായിരിക്കുന്നതെന്ന് ആര്‍ ടി എയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രവര്‍ത്തിയുടെ ഭാഗമായി സഫ പാര്‍ക്കിന് സമീപത്തെ റോഡുകളിലെ ഗതാഗതം തിരിച്ചുവിട്ടിരിക്കയാണ്. ഇവിടെയുള്ള ചില സര്‍വീസ് റോഡുകളും ശൈഖ് സായിദ് റോഡിന് സമാന്തരമായി പോകുന്ന ചില റോഡുകളും അടച്ചിട്ടുണ്ട്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ സഫ പാര്‍ക്കിന് സമീപത്തെ ഉള്‍നാടന്‍ റോഡുകളെയാണ് ഉപോയോഗപ്പെടുത്തേണ്ടത്.
സഫ പാര്‍ക്കിന് കിഴക്കു വശത്തെ പാര്‍ക്കിംഗ് മേഖലയുടെ സിംഹഭാഗവും ഇതോടെ ഇല്ലാതാവും. പാര്‍ക്കിന്റെ സമീപ പ്രദേശങ്ങളിലെ കാലിയായ സ്ഥലങ്ങള്‍ പാര്‍ക്കിംഗിനായി നല്‍കിയിട്ടുണ്ട്. ഇതുവഴി കടന്നുപോകുന്ന കേബിളുകളുടെയും പൈപ്പ് ലൈനുകളുടെയും സാന്നിധ്യം കണ്ടെത്താനാണ് പ്രാഥമികമായുള്ള കുഴിക്കലില്‍ ലക്ഷ്യമിടുന്നത്. വെള്ളത്തിന്റെയും അഴുക്കുചാലുകളുടെ ഭാഗമായുള്ള പൈപ്പ് ലൈനുകളും ഇതില്‍ ഉള്‍പ്പെടും.
ആദ്യ ഘട്ടമായി ഇത്തരം പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷമാവും ആഴത്തിലുള്ള ചാലു കീറല്‍ പ്രവര്‍ത്തി ആരംഭിക്കുക. മൂന്നു കിലോമീറ്റര്‍ നീളമുള്ള നിര്‍ദ്ദിഷ്ട പദ്ധതിയില്‍ കനാല്‍ പൂര്‍ത്തിയാവുന്നതോടെ ബിസിനസ് ബേക്കു സമീപം ശൈഖ് സായിദ് റോഡിനടിയിലൂടെയാവും കനാല്‍ യാഥാര്‍ഥ്യമാക്കുക.
ഇവിടെ കനാലിന് മുകളില്‍ വാഹന ഗതാഗതത്തിനായി പാലം ഉയരും. അല്‍ വാസല്‍ റോഡിനെയും ജുമൈറ ബീച്ച് റോഡിനെയും ച്ഛേദിച്ച് കനാല്‍ കടന്നുപോകുന്നിടത്തും പാലം വരും. കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദ്വീപായി രൂപാന്തരപ്പെടും.
മൂന്നു ഭാഗങ്ങളായാണ് നിര്‍മാണത്തിനുള്ള കരാറുകള്‍ ആര്‍ ടി എ നല്‍കിയിരിക്കുന്നത്. ശൈഖ് സായിദ് റോഡില്‍ 16 ട്രാക്കില്‍ കനാലിന് മുകളിലൂടെ പാലം നിര്‍മിക്കുക, അല്‍ വാസല്‍ റോഡിലും ജുമൈറ ബീച്ച് റോഡിലും ആറു ട്രാക്ക് വീതിയില്‍ പാലം പണിയുക. മൂന്നാമത്തെ കരാറില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് ചാലു കീറി കനാല്‍ യാഥാര്‍ഥ്യമാക്കുക എന്നിങ്ങിനെയാണ് നിര്‍മാണ കരാറുകള്‍. ആദ്യ ഘട്ടത്തില്‍ കനാലിന്റെ നിര്‍മാണം ആരംഭിക്കുകയും റോഡുകളുടെ ഭാഗത്ത് മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം കനാല്‍ നിര്‍മിക്കുകയുമാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.
ഗതാഗതത്തെ ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു കിലോമീറ്റര്‍ നീളത്തിലും എട്ടര മീറ്റര്‍ ഉയരത്തിലുമാവും ശൈഖ് സായിദ് റോഡില്‍ മേല്‍പ്പാലം നിര്‍മിക്കുക. ആഡംബര നൗകകള്‍ക്കും ബോട്ടുകള്‍ക്കുമെല്ലാം സുഖമായ സഞ്ചാരം ഉറപ്പാക്കാനാണ് ഉയരം എട്ടര മീറ്ററാക്കി ക്രമീകരിച്ചിരിക്കുന്നത്. കനാല്‍ പൂര്‍ത്തിയാവുന്നതോടെ ഇരുകരകളിലും ആവശ്യമായ മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷനുകളും ബോട്ട് ജെട്ടികളും സ്ഥാപിക്കും.
ഓരോ പ്രദേശത്തിന്റെയും ആവശ്യം കണക്കിലെടുത്ത് 80 മുതല്‍ 120 മീറ്റര്‍ വരെ നീളത്തിലാവും ഇവ പൂര്‍ത്തീകരിക്കുക. കനാലിന് ഇരുകരകളിലും ഷോപ്പിംഗിനും വിനോദത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതോടൊപ്പം കച്ചവട-പാര്‍പ്പിട കേന്ദ്രങ്ങളും ക്രീക്കിന്റെ കരകളില്‍ ഉയരും. പണി പൂര്‍ത്തിയാവുന്നതോടെ ദുബൈ നഗരത്തിന്റെ പ്രധാന ആഘര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായി ഇവിടം രൂപാന്തരപ്പെടും. രാജ്യാന്തര നിലവാരമുള്ള നാലു ഹോട്ടലുകള്‍, 450 റെസ്റ്റോറന്റുകളും കനാല്‍ കരയില്‍ ഇടം പിടിക്കും. ചന്ദ്രക്കലയുടെ ആകൃതിയില്‍ പടുത്തുയര്‍ത്തുന്ന കെട്ടിടമാവും മേഖലയിലെ ഏറ്റവും ആഘര്‍ഷകമായ മനുഷ്യ നിര്‍മിതി.
ഈ കെട്ടിടത്തിലും ഹോട്ടലുണ്ടാവും. സഫ പാര്‍ക്ക് മേഖലയില്‍ 50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഷോപ്പിംഗ് മാള്‍ തല ഉയര്‍ത്തും. ആറു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കനാല്‍ കരയില്‍ എട്ട് കിലോമീറ്റര്‍ വളഞ്ഞുപുളഞ്ഞു നീണ്ടുപോവുന്ന നടപ്പാതയും വിശ്രമിക്കാനുള്ള മേഖലയും പണിയും. സൈക്കിളിംഗിനും സവാരിക്കുമായി ഇതില്‍ പ്രത്യേക മേഖലകള്‍ വേര്‍തിരിക്കും. കുട്ടികള്‍ക്ക് വിനോദത്തിനുള്ള ഉപാധികളും ഒപ്പമുണ്ടാവും. 2.2 കോടി സന്ദര്‍ശകര്‍ ഇവിടേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.