ഈജിപ്തില്‍ ബ്രദര്‍ഹുഡ് തേര്‍വാഴ്ച; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Posted on: December 28, 2013 8:18 pm | Last updated: December 28, 2013 at 8:18 pm
cairo
കൈറോയിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി കെട്ടിടത്തിന് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ തീവെച്ചപ്പോള്‍

കൈറോ: ബ്രദര്‍ഹുഡിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഈജിപ്തില്‍ വ്യാപക ആക്രമണങ്ങള്‍. പോലീസും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കൈറോയിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി കെട്ടിടം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരായ ബ്രദര്‍ഹുഡുകാര്‍ തീവെച്ചു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 256 ബ്രദര്‍ഹുഡുകാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച രാവിലെയോടെയാണ് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രക്ഷോഭകര്‍ തമ്പടിച്ചത്. സൈന്യത്തിനും ഇടക്കാല സര്‍ക്കാറിനുമെതിരെ മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനം പിന്നീട് അക്രമാസക്തമാകുകയായിരുന്നു. ബ്രദര്‍ഹുഡ് പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ശനിയാഴ്ച ഉച്ചയോടെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പ്രക്ഷോഭകരെ സൈന്യം തുരത്തി. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ 60 പേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും മറ്റും പ്രയോഗിച്ചു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതോടെ രാജ്യ വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബ്രദര്‍ഹുഡിനെ ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞ മാസം നിരോധിച്ചിരുന്നു. പിന്നീട് ബുധനാഴ്ചയാണ് ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.