ലിവര്‍പൂളിനെ വീഴ്ത്തി സിറ്റി രണ്ടാമത്‌

Posted on: December 28, 2013 12:25 am | Last updated: December 28, 2013 at 12:30 am

ലണ്ടന്‍: ഹോംഗ്രൗണ്ടിലെ തകര്‍പ്പന്‍ ഫോം മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ന്നപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്രിസ്മസ് ചാമ്പ്യന്‍മാര്‍ ലിവര്‍പൂളിനെ അടിതെറ്റി. വാശിയേറിയ പോരില്‍ 2-1ന് ലിവര്‍പൂള്‍ പരാജയം സമ്മതിച്ചു. ഇതോടെ, ഒറ്റയടിക്ക് അവര്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. 18 മത്സരങ്ങളില്‍ 36 പോയിന്റുള്ള ലിവര്‍പൂളിന് ഏത് നിമിഷവും മുന്‍നിരയിലേക്ക് കയറിവരാവുന്നതേയുള്ളൂ. ഒരു പോയിന്റ് വ്യത്യാസത്തിനാണ് ചെല്‍സി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ടാം സ്ഥാനത്തിലേക്കുള്ള ദൂരം രണ്ട് പോയിന്റും ആഴ്‌സണലിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള അകലം മൂന്ന് പോയിന്റും മാത്രം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ദശാബ്ദത്തിനിടെ ഇത്രയും വാശിയേറിയ കിരീടപ്പോരാട്ടം കണ്ടിട്ടില്ല.
ഫിലിപ് കോട്ടീഞ്ഞോയുടെ ഗോളില്‍ ലീഡെടുത്ത ലിവര്‍പൂളിനെ വിന്‍സെന്റെ കൊംപാനിയുടെയും അല്‍വാരോ നെഗ്രെഡോയുടെയും സ്‌കോറിംഗ് മികവില്‍ സിറ്റി തറപറ്റിച്ചു. സമനില ഗോളിനുള്ള സുവര്‍ണാവസരങ്ങള്‍ ലിവര്‍പൂള്‍ നഷ്ടമാക്കിയിരുന്നു. ഇരുപത്തിനാലാം മിനുട്ടിലാണ് കോട്ടീഞ്ഞോയുടെ ഗോള്‍. ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ മിടുക്കില്‍ തന്നെയാണ് ഗോളിന്റെ തുടക്കം. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റെ പാസ് ബുദ്ധിപരമായ പാസിംഗില്‍ സ്റ്റെര്‍ലിംഗിലെത്തിച്ച സുവാരസ് തന്റെ ഫോം തുടര്‍ന്നു.
സ്റ്റെര്‍ലിംഗ് സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിനെ വട്ടം കറക്കിയശേഷം കോട്ടീഞ്ഞോക്ക് ഓപണ്‍ ചാന്‍സൊരുക്കി. ഹോംഗ്രൗണ്ടില്‍ സീസണില്‍ അപരാജിതരായി മുന്നേറിയ സിറ്റി അപകടം മണത്തു. പക്ഷേ, ഏഴ് മിനുട്ടേ വേണ്ടി വന്നുള്ളൂ. വിന്‍സെന്റെ കൊംപാനിയിലൂടെ സിറ്റി കണക്ക് തീര്‍ത്തു. ഡേവിഡ് സില്‍വയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്കില്‍ ഹെഡ്ഡറിലൂടെയാണ് കൊംപാനി കൊമ്പുകുലുക്കിയത്. വലയില്‍ പ്രതിരോധം തീര്‍ത്ത മിഡ്ഫീല്‍ഡര്‍ ജോ അലെന്റെ അവസാന ശ്രമവും നടന്നില്ല. ജോയുടെ ദേഹത്ത് തട്ടിയാണ് പന്ത് വലയില്‍ കയറിയത്. ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തകര്‍ന്നടിഞ്ഞ എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റിക്കെതിരെ ജയിച്ചാല്‍ അത് കിരീടക്കുതിപ്പിന് മാനസികകരുത്തേകുമെന്ന് ലിവര്‍പൂള്‍ താരങ്ങള്‍ക്ക് അറിയാമായിരുന്നു. നിരന്തരം ആക്രമിച്ചു കളിച്ച ലിവര്‍പൂളിനെതിരെ പ്രത്യാക്രമണം മാത്രമായിരുന്നു സിറ്റിക്ക് പോംവഴി. നെഗ്രെഡോയുടെ ഒരു ചിപ്പിംഗ് ലിവര്‍പൂള്‍ ഗോളി സിമോണ്‍ മിഗ്നോലെറ്റിനെ കീഴടക്കിയത് ഇതുപോലൊരു പ്രത്യാക്രമണത്തിലായിരുന്നു. സമീര്‍നസ്‌റിയും ജീസസ് നവാസുമായിരുന്നു ഈ കൗണ്ടര്‍ അറ്റാക്കിംഗിന് നേതൃത്വം നല്‍കിയത്.
രണ്ടാം പകുതിയില്‍ ജീസസ് നവാസിന്റെ ഞെട്ടിക്കല്‍ കണ്ടുകൊണ്ടാണ് ലിവര്‍പൂള്‍ കളിയിലേക്ക് പ്രവേശിച്ചത്. ലൂയിസ് സുവാരസിന്റെ അപാരമായ ആത്മവിശ്വാസമായിരുന്നു ആന്‍ഫീല്‍ഡ് ക്ലബ്ബിന്റെ കരുത്ത്. കോട്ടീഞ്ഞോയുടെ കോര്‍ണറില്‍ സുവാരസിന്റെ ഹെഡര്‍ നേരിയ വ്യതാസത്തിന് പാഴായത് സിറ്റി താരങ്ങള്‍ക്ക് ദീര്‍ഘനിശ്വാസത്തോടെയാണ് ഉള്‍ക്കൊണ്ടത്. എഴുപത്തിരണ്ടാം മിനുട്ടില്‍ ലിവര്‍പൂളിന് സുവര്‍ണാവസരം. സുവാരസ് ഇടത് വിംഗിലൂടെ കുതിച്ചെത്തി നല്‍കിയ തികഞ്ഞ ക്രോസ് പാസ് സ്റ്റെര്‍ലിംഗ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ക്രോസ് ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു.