കേരളത്തിലെ ഡിവിഷനല്‍ ഓഫീസര്‍മാരെ റെയില്‍വേ സ്ഥലം മാറ്റി

Posted on: December 28, 2013 12:04 am | Last updated: December 28, 2013 at 12:04 am

തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍മാര്‍ക്ക് സ്ഥലംമാറ്റം. റെയില്‍ ഗതാഗതവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങള്‍ പാതിവഴിയിലായിരിക്കെയാണ് സംസ്ഥാനത്തെ രണ്ട് ഡിവിഷനുകളുടെയും മാനേജര്‍മാരെ സ്ഥലം മാറ്റുന്നത്.
സബര്‍ബന്‍ ട്രെയിന്‍ ഇടനാഴിയുടെയും പാലക്കാട് കോച്ച് ഫാക്ടറിയുടെയും പ്രവൃത്തികള്‍ പ്രാഥമിക ഘട്ടത്തിലായിരിക്കുമ്പോഴാണ് നടപടി. തിരുവനന്തപുരം, പാലക്കാട് ഡിവിഷണല്‍ മാനേജര്‍മാരായ രാജേഷ് അഗര്‍വാള്‍, പിയൂഷ് അഗര്‍വാള്‍ എന്നിവരെയാണ് മാറ്റിയത്. റെയില്‍വേ ബജറ്റില്‍ പൊതുവേ കേരളം നേരിടുന്ന അവഗണനയെ കുറിച്ച് അറിയുന്നവരാണ് സ്ഥലംമാറി പോകുന്നവര്‍.
കാലാവധി പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നാണ് റെയില്‍വേ ബോര്‍ഡ് അധികൃതര്‍ പറയുന്നത്. കുട്ടത്തോടെയുള്ള അഴിച്ചുപണിയില്‍ 16 ഓളം ഡി ആര്‍ എമ്മുമാര്‍ക്ക് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. സേലം ഡി ആര്‍ എം ആയിരുന്ന സുജാത ജയരാജും ഇതില്‍ ഉള്‍പ്പെടും.
ജമല്‍പൂരിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജനീയറിംഗിലെ സീനിയര്‍ പ്രൊഫസര്‍ സുനില്‍ ബാജ്പയിയാണ് തിരുവനന്തപുരം മാനേജറായി ചുമതലയേല്‍ക്കുക.
അടിസ്ഥാന ഗതാഗത സംവിധാനങ്ങളുടെ നിര്‍മാണ കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ഇര്‍കോണ്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആനന്ദ് പ്രകാശാണ് പുതിയ പാലക്കാട് ഡി ആര്‍ എം ആയി ചുമതലയേല്‍ക്കുക.