പ്രതിരോധ ബില്ലില്‍ ഒബാമ ഒപ്പുവെച്ചു

Posted on: December 28, 2013 12:02 am | Last updated: December 28, 2013 at 12:02 am

വാഷിംഗ്ടണ്‍: നിയമനിര്‍മാതാക്കള്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയ പ്രതിരോധ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പ് വെച്ചു. ഗ്വാണ്ടനാമോ ജയിലുകളിലെ തടവുകാരടെ മോചനത്തിന് ബില്‍ സഹായകമാകുമെന്നാണ് കരുതുന്നത്. ക്യൂബയിലെ ഗ്വാണ്ടിനാമോ ജയിലില്‍ കഴിയുന്ന യു എസ് നാവികരുടെ നാട്ടിലേക്കുള്ള മടക്കത്തിന് വേഗം കൂട്ടുന്ന ദേശീയ പ്രതിരോധ അധികാരികളെ ഒബാമ പ്രശംസിച്ചു.
തടവില്‍ കഴിയുന്നവരുടെ മോചനത്തിന് വഴിവെക്കുംവിധം ഭരണപരമായ കൂടുതല്‍ സ്വാതന്ത്ര്യം ഇതിലൂടെ ലഭിക്കുമെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒബാമ പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തിന് 55210 കോടി ഡോളര്‍ ഉറപ്പ് വരുത്തുന്നുണ്ട്. ഇതില്‍ 8070 കോടി ഡോളറും അഫ്ഗാനിസ്ഥാനിലെ സൈനിക നടപടിക്കായാണ് നീക്കിവെച്ചിരിക്കുന്നത്. സൈനികര്‍ക്ക് ശമ്പളത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധന അനുവദിക്കുന്നതിനൊപ്പം സൈന്യത്തിലെ ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള പരിഷ്‌കരണങ്ങളും നിര്‍ദേശിക്കുന്നുണ്ട്.