പത്രപ്രവര്‍ത്തകര്‍ക്കെതിരായ കേസ് തായ്‌ലാന്‍ഡ് പിന്‍വലിക്കണം: യു എന്‍

Posted on: December 28, 2013 12:56 am | Last updated: December 27, 2013 at 11:57 pm

യു എന്‍: രണ്ട് ആസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകര്‍ക്കും ഒരു തായി പത്രപ്രവര്‍ത്തകനും എതിരായി ചുമത്തിയ അപകീര്‍ത്തി കേസ് പിന്‍വലിക്കണമെന്ന് തായ്‌ലന്‍ഡിനോട് യു എന്‍ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തില്‍ സൈന്യം ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മ്യാന്‍മറിലെ അഭയാര്‍ഥികളായ റോഹിംഗ്യാ മുസ്‌ലിംകളെ കടത്തുന്നതില്‍ സൈന്യത്തിലെ ചിലര്‍ പങ്കാളികളാണെന്ന റോയിട്ടേഴ്‌സിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് ഉദ്ധരിച്ച് സ്വതന്ത്ര വാര്‍ത്താ വെബ്‌സൈറ്റില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് കേസിനാധാരം.
തായ് നാവിക സേനയാണ് ഇവര്‍ക്കെതിരെ കേസുകൊടുത്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കേസ് പത്രസ്വാതന്ത്ര്യത്തിനെതിരായ നടപടിയാണെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കി.
അപകീര്‍ത്തിക്കേസിന് തടവ് ശിക്ഷയെന്നത് അന്താരാഷ്ട്രാ തലത്തില്‍ അനുയോജ്യമായ ശിക്ഷാ നടപടിയല്ലെന്നും യു എന്നിലെ മനുഷ്യാവകാശ സംരക്ഷണ കമ്മീഷണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ  ബാബരി വിധി: രോഷവും നിരാശയും അണപൊട്ടിയൊഴുകി സോഷ്യല്‍ മീഡിയ