Connect with us

Wayanad

ജില്ലയില്‍ കലാ-കായിക മത്സരങ്ങളുടെ വിരുന്നൊരുക്കി സംസ്ഥാന കേരളോത്സവത്തിന് ഇന്ന് തുടക്കം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: നാലു ദിവസത്തേക്ക് ജില്ലയില്‍ കലാ-കായിക മത്സരങ്ങളുടെ വിരുന്നൊരുക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ്‌ജോസഫ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.
ഇന്നലെ കോഴിക്കോട് ചെക്കുട്ടി സ്വിമ്മിംഗ് പൂളില്‍ നടന്ന നീന്തല്‍ മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്.
ഉച്ചയ്ക്ക് ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ പരിസരത്തുനിന്നും തുടങ്ങുന്ന വര്‍ണ്ണാഭമായ സാംസ്‌ക്കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാവുക. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ ആണ് കേരളോത്സവത്തിന്റെ ഉദ്ഘാടകന്‍. പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ചടങ്ങില്‍ അധ്യക്ഷയായിരിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം എം ഐ ഷാനവാസ് എം പി നിര്‍വ്വഹിക്കും. എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, എം.വി. ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജില്ലാ കലക്ടര്‍ കെ.ജി. രാജു, യുവജനകാര്യ വകുപ്പ് സെക്രട്ടറി സുബ്രതോബിശ്വാസ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് ഏഴ് മുതല്‍ പ്രശസ്ത സിനിമാ പിന്നണിഗായകര്‍ നയിക്കുന്ന ഗാനമേള നടക്കും.
28 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളങ്കി കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും . കേരള ഫുട്‌ബോള്‍ ടീം മുന്‍ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ മുഖ്യാതിഥി ആയിരിക്കും.
ആറ് വേദികളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. കബനി (ബത്തേരി സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂള്‍), ഭവാനി (ബത്തേരി ഗവ. സര്‍വ്വജന ഹൈസ്‌കൂള്‍ ഓഡിറ്റോറിയം), നിള (ബത്തേരി ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയം), കാവേരി (സര്‍വ്വജന സ്‌കൂള്‍ ഓഡിറ്റോറിയം) പെരിയാര്‍ (ഡയറ്റ് ഓഡിറ്റോറിയം), പമ്പ (സര്‍വ്വജന സ്‌കൂള്‍) എന്നിവയാണ് വേദികള്‍.
കലാമത്സരങ്ങളും സമയക്രമവും.
28 ന് വേദി 1 കബനിസെന്റ്‌ജോസഫ് സ്‌കൂള്‍ – രാവിലെ 8.30 മുതല്‍ 10.45 വരെ തിരുവാതിര, 11 മുതല്‍ ഉച്ചയ്ക്ക് 1.20 വരെ മോഹിനിയാട്ടം, ഉച്ചയ്ക്ക് 1.30 മുതല്‍ 3.45 വരെ സംഘനൃത്തം, വൈകിട്ട് 4 മുതല്‍ 7.30 വരെ നാടോടിനൃത്തം (ഗ്രൂപ്പ്). വേദി2-ഭവാനി (സര്‍വ്വജന സ്‌കൂള്‍ ഓഡിറ്റോറിയം)- രാവിലെ 8.30 മുതല്‍ 10.45 വരെ നാടോടിനൃത്തം (സിംഗിള്‍), 11 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ഓട്ടന്‍തുള്ളന്‍, ഉച്ചയ്ക്ക്‌ശേഷം 2.40 മുതല്‍ വൈകിട്ട് 5.30 വരെ കുച്ചുപ്പുടി, 5.40 മുതല്‍ 7.45 വരെ മാര്‍ഗ്ഗംകളി. വേദി 3 – കാവേരി (സര്‍വ്വജന സ്‌കൂള്‍ ഓഡിറ്റോറിയം) – രാവിലെ 8.30 മുതല്‍ 10.40 വരെ മൃദംഗം, 11 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ചെണ്ട, 2.40 മുതല്‍ 5.30 വരെ വീണ, 5.45 മുതല്‍ 7.45 വരെ വയലിന്‍. വേദി 5- പെരിയാര്‍ (ഡയറ്റ് ഓഡിറ്റോറിയം)- രാവിലെ 8.30 മുതല്‍ 3.30 വരെ കഥാപ്രസംഗം, 3.40 മുതല്‍ 4.40 വരെ പ്രസംഗം (ഹിന്ദി, ഇംഗ്ലീഷ്), വൈകിട്ട് 5 മുതല്‍ 6 വരെ പ്രസംഗം (മലയാളം), വൈകിട്ട് 6 മുതല്‍ 7 വരെ കവിതാലാപാനം. വേദി 6 – പമ്പ (സര്‍വ്വജന സ്‌കൂള്‍)- രാവിലെ 8.30 മുതല്‍ 10.30 വരെ കവിതാരചന, 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ കഥാരചന, ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ ഉപന്യാസ രചന.
ഡിസം. 29 ന് വേദി1- കബനി (സെന്റ്‌ജോസഫ് സ്‌കൂള്‍) രാവിലെ 8.30 മുതല്‍ 12 വരെ കേരള നടനം, 12.15 മുതല്‍ ഉച്ചയ്ക്ക് 2 വരെ നാടോടിപ്പാട്ട് (ഗ്രൂപ്പ്), 2.15 മുതല്‍ 3.30 വരെ നാടോടിപ്പാട്ട് (സിംഗിള്‍), വൈകിട്ട് 3.40 മുതല്‍ 6 വരെ വള്ളംകളിപ്പാട്ട്. വേദി 2 ഭവാനി (സര്‍വ്വജന സ്‌കൂള്‍ ഓഡിറ്റോറിയം) രാവിലെ 8.30 മുതല്‍ 10.40 വരെ ഒപ്പന, 11 മുതല്‍ 1.15 വരെ കോല്‍ക്കളി, 1.30 മുതല്‍ 3.40 വരെ ദഫ്മുട്ട്, 3.40 മുതല്‍ വൈകിട്ട് 7 വരെ ഭരതനാട്യം, 7 മുതല്‍ രാത്രി 9 വരെ വട്ടപ്പാട്ട്. വേദി3 നിള (ലയണ്‍സ് ക്ലബ് ഓഡിറ്റോറിയം) രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ നാടകം (മലയാളം). വേദി4 കാവേരി (സര്‍വ്വജന സ്‌കൂള്‍ ഓഡിറ്റോറിയം) രാവിലെ 8.30 മുതല്‍ 9.40 വരെ മാപ്പിളപ്പാട്ട്, 10.30 മുതല്‍ 11.30 വരെ ഫഌട്ട്, 11.45 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഗിത്താര്‍, 1.40 മുതല്‍ 3.30 വരെ തബല, 3.40 മുതല്‍ വൈകിട്ട് 6 വരെ ഹാര്‍മോണിയം, 6.45 മുതല്‍ സിത്താര്‍. വേദി 5 പെരിയാര്‍ (ഡയറ്റ് ഓഡിറ്റോറിയം) രാവിലെ 8.30 മുതല്‍ 11 വരെ വായ്പ്പാട്ട് (ഹിന്ദുസ്ഥാനി), 11.15 മുതല്‍ 2.40 വരെ കര്‍ണ്ണാടക സംഗീതം, 2.45 മുതല്‍ വൈകിട്ട് 4 വരെ ലളിതഗാനം (വനിത), 4.10 മുതല്‍ 5.20 വരെ ലളിതഗാനം (പുരുഷന്‍), 5.20 മുതല്‍ 7.20 വരെ സംഘഗാനം, 7.30 മുതല്‍ 8.45 വരെ ദേശഭക്തിഗാനം. വേദി 6 പമ്പ(സര്‍വ്വജന സ്‌കൂള്‍) രാവിലെ 8.30 മുതല്‍ 10.30 വരെ പെയിന്റിംഗ്, 11 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പെന്‍സില്‍ ഡ്രോയിംഗ്, 2 മുതല്‍ 3 വരെ കാട്ടൂണ്‍.
ഡിസം. 30 ന് തിങ്കളാഴ്ച വേദി 1 കബനി (സെന്റ്‌ജോസഫ് സ്‌കൂള്‍) രാവിലെ 8.30 മുതല്‍ 9.40 വരെ മിമിക്രി, 10 മുതല്‍ 11.15 വരെ മോണോ ആക്ട്, 11.30 മുതല്‍ 1.45 വരെ മൈം. വേദി 2 ഭവാനി (സര്‍വ്വജന സ്‌കൂള്‍ ഓഡിറ്റോറിയം) രാവിലെ 8.30 മുതല്‍ 11 വരെ മണിപ്പൂരി, 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കഥക്, 1 മണിമുതല്‍ 2 വരെ ഒഡീസി.
കായിക മത്സരങ്ങളും സ്ഥലവും : ഇന്ന് (ഡിസം. 27) വടംവലി – അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാള്‍ഗ്രൗണ്ട്, ഡിസം. 27, 28 ന് കബഡി – ചുള്ളിയോട് ഗാന്ധി ഗ്രന്ഥാലയം ഗ്രൗണ്ട്, 28, 29 തീയതികളില്‍ ബാസ്‌ക്കറ്റ്‌ബോള്‍ – മുള്ളന്‍ക്കൊല്ലി സെന്റ്‌മേരീസ് എച്ച്.എസ്.എസ്. ഗ്രൗണ്ട്, ഫുട്‌ബോള്‍ – മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ്‌സയന്‍സ് കോളേജ് ഗ്രൗണ്ട്, ബാഡ്മിന്റണ്‍ (എസ്) – കമ്പളക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം, 29 ന് ആര്‍ച്ചറി – പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി ഗ്രൗണ്ടി, പഞ്ചഗുസ്തി – ബത്തേരി സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. ഗ്രൗണ്ട്, പഞ്ചഗുസ്തി – സു.ബത്തേരി സ്വതന്ത്രി മൈതാനി. 29, 30 തീയതികളില്‍ അത്‌ലറ്റിക്‌സ് – മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം, വോളിബോള്‍ – കല്ലൂര്‍ നൂല്‍പ്പുഴ ജി.എച്ച്.എസ്. ഗ്രൗണ്ട്.
30 ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് നാലിന് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
വനിതാകമ്മീഷന്‍ അദ്ധ്യക്ഷ റോസക്കുട്ടി ടീച്ചര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

Latest