Connect with us

Wayanad

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂപ്പണ്‍ ചോദിച്ചുവാങ്ങണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Published

|

Last Updated

കല്‍പറ്റ: ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമ്മാനക്കൂപ്പണ്‍ ലഭിക്കുമെന്നും ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് കൂപ്പണ്‍ ലഭിക്കുന്നില്ലെങ്കില്‍ ചോദിച്ചുവാങ്ങണമെന്നും ഫെസ്റ്റിവല്‍ ലോജിസ്റ്റിക് പാര്‍ട്ണറായ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിശ്ചിത സംഖ്യക്ക് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് കൂപ്പണ്‍ ലഭിക്കുക. കൂപ്പണ്‍ ലഭ്യമല്ലാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഏകോപനസമിതി ഭാരവാഹികളെ അറിയിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചു.
ഇന്നലെ വരെ മൂവായിരം വ്യാപാരികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ സീസണില്‍ 102 വ്യാപാരികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെമയ്തിരുന്നതെന്ന് ഏകോപനസമിതി ഭാരവാഹികള്‍ പറഞ്ഞു.
45 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിന്റെ പ്രചരണത്തിനായി വിളംബര ജാഥകള്‍ നടത്തും. കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പത്തുരൂപയ്ക്കാണ് വ്യാപാരികള്‍ക്ക് കൂപ്പണ്‍ നല്‍കുന്നത്. കേരളത്തില്‍ മൂന്നാമതൊരു ഷോപ്പിംഗ് സീസണ്‍ എന്ന ആശയം ഇത്തവണ പ്രാവര്‍ത്തികമാവുകയാണെന്നും ഇവര്‍ പറഞ്ഞു. വ്യാപാരഭവനുകള്‍ കേന്ദ്രീകരിച്ച് ജില്ലയിലെ നൂറിലേറെ യൂണിറ്റുകള്‍ വഴിയാണ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് കൂപ്പണ്‍ എത്തിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റ്, ക്രോക്കറി, ഇല്കട്രിക് ഷോപ്പ്, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, പലചരക്ക്, ഗള്‍ഫ് ബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 500 രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ കൂപ്പണ്‍ ലഭിക്കും.
ഹോട്ടലില്‍ നിന്ന് 250 രൂപയുടെ ഭക്ഷണം കഴിച്ചാലും 200 രൂപയുടെ പഴമോ പച്ചക്കറികളോ വാങ്ങിയാലും ഇത്തവണ കൂപ്പണ്‍ ലഭിക്കും. ഫുട്ട് വെയര്‍, മെഡിക്കല്‍ സ്റ്റോര്‍, ബുക്ക് സ്റ്റാള്‍, ബേക്കറി, ഫാന്‍സി, ഇറച്ചിക്കട എന്നിവിടങ്ങളില്‍ 300 രൂപയുടെ പര്‍ച്ചേസിന് കൂപ്പണ്‍ ലഭിക്കും. സ്വര്‍ണാഭരണശാല, ഹോള്‍സെയില്‍ തുണിക്കട എന്നിവിടങ്ങളില്‍ നാലായിരം രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും 3000 രൂപയുടെ മാര്‍ബിള്‍, ഗ്രാനൈറ്റ്, കമ്പി, ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍, പലചരക്ക് ഹോള്‍സെയില്‍, പ്ലൈവുഡ്, ഗ്ലാസ് ഹോള്‍സെയില്‍ എന്നിവ വാങ്ങുമ്പോഴും കൂപ്പണ്‍ ലഭിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ഒ.വി. വര്‍ഗീസ്, ഇ.ടി. ഹംസ, മുജീബ് ചുണ്ട, പി.വി. മഹേഷ്, ഇ.എ. നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest