ദുബൈ നഗരസഭ മരുഭൂമി ശുചീകരണം തുടങ്ങി

Posted on: December 27, 2013 12:10 pm | Last updated: December 27, 2013 at 12:10 pm

ദുബൈ: ദുബൈ നഗരസഭ മരുഭൂമിയില്‍ ശുചീകരണം തുടങ്ങി. സുസ്ഥിര പരിസ്ഥിതി ശുചീകരണമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഡയറക്ടര്‍ എഞ്ചി. അബ്ദുല്‍ മജീദ് സൈഫി അറിയിച്ചു. മരുഭൂമി സന്ദര്‍ശിക്കുന്നവരിലും പാരിസ്ഥിതിക ബോധം വേണം. മാലിന്യങ്ങള്‍ എവിടി സുരക്ഷിതമായി നിക്ഷേപിക്കാമെന്ന അറിവു വേണം. സീസണിന്റെ തുടക്കത്തില്‍ തന്നെ ധാരാളം പേര്‍ മരുഭൂമിയിലെത്തുന്നു. ചിലര്‍, സ്വന്തം വാഹനത്തില്‍ തന്നെ മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോകുന്നു. മറ്റു ചിലര്‍ നിരുത്തരവാദപരമായി മരുഭൂമിയില്‍ ഉപേക്ഷിക്കുന്നു.
മരുഭൂമിയില്‍ രാത്രികാലങ്ങളിലും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തും. ആദ്യസംഘത്തില്‍ രണ്ട് സൂപ്പര്‍വൈസര്‍മാരും 15 തൊഴിലാളികളും ഉണ്ടാകും. വൈകുന്നേരങ്ങളില്‍ രണ്ട് സൂപ്പര്‍വൈസര്‍മാരും പത്ത് തൊഴിലാളികളും എന്ന നിലയിലാണ് പരിശോധനയെന്നും എഞ്ചി. മജീദ് സൈഫി അറിയിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി 130 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 1,250 വാഹനങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. 4,000 ബേഗുകളിലായി 20 ടണ്‍ മാലിന്യം നീക്കം ചെയ്തു. 35 പേര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ഏതാനും ദിവസം മുമ്പാണ് ദുബൈ വ്യാപകമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ക്ലീന്‍ അപ് ദി വേള്‍ഡ് പരിപാടി സംഘടിപ്പിച്ചത്. ഇതു വഴി ടണ്‍ കണക്കിനു മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. കൂട്ടത്തില്‍ സമുദ്ര ശുചീകരണവും നടത്തിയിരുന്നു.