ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു

Posted on: December 27, 2013 12:07 pm | Last updated: December 27, 2013 at 12:07 pm
SHARE

അല്‍ ഐന്‍: ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ സ്റ്റേഡിയം ഉദ്ഘാടനത്തിനായി സജ്ജമാവും. ഹസ്സ ബിന്‍ സായിദ് സ്‌റ്റേഡിയത്തില്‍ അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 17 മാസം കൊണ്ടാണ് റിക്കാര്‍ഡ് വേഗത്തില്‍ സ്റ്റേഡിയത്തിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്നത്. അല്‍ ഐന്‍ എഫ് സിയുടെ പരിശീലന കേന്ദ്രമായി ഇത് മാറുമെന്നാണ് കരുതുന്നത്.
രാജ്യത്തെ കായിക രംഗത്തിന് സ്റ്റേഡിയം കനത്ത മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ഐന്‍ ക്ലബ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മസ്‌റൂയി അഭിപ്രായപ്പെട്ടു. യു എ ഇ ഭരണ നേതൃത്വത്തിന്റെ പക്വതയുള്ള തീരുമാനത്തിന്റെ പ്രതീകമാണിത്. രാജ്യത്തിന്റെ എല്ലാ മേഖലകളെയും വികസനത്തിന്റെ ഭാഗമാക്കി മാറ്റുകയെന്ന നേതൃത്വത്തിന്റെ മഹത്തായ ലക്ഷ്യമാണ് ഇതിന് നിദാനം. 45,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 25,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയത്തിനാവും. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുവേണ്ടുന്ന സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. അല്‍ ഐന്‍ മേഖലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൂടിയാണിത്.
മൊത്തം അഞ്ചു ലക്ഷം ചതുരശ്ര മീറ്ററുള്ള പദ്ധതിയില്‍ സ്റ്റേഡിയത്തിനൊപ്പം പാര്‍പ്പിടവാണിജ്യ സമുച്ഛയം, വിനോദ കേന്ദ്രങ്ങള്‍, ആഡംബര ഹോട്ടല്‍, കായിക പരിപാടികള്‍ക്കൊപ്പം സാമുഹികമായ പരിപാടികള്‍ക്കുള്ള സൗകര്യം എന്നിവയും ഉള്‍പ്പെടും. കഫേകളും റെസ്റ്ററന്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും പദ്ധതിയില്‍ ഉപ്പെടുത്തിയിട്ടുണ്ടെന്നും അല്‍ മസ്‌റൂയി പറഞ്ഞു.