ഗുജറാത്ത് വംശഹത്യ: സാകിയ ജാഫ്രിയുടെ പ്രതിഷേധ ഹരജി തള്ളി

Posted on: December 27, 2013 7:28 am | Last updated: December 28, 2013 at 12:14 am

zakia and modiഅഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ സാകിയ ജഫ്‌രി നല്‍കിയ ഹരജി അഹമ്മദാബാദ് മെട്രൊപൊളിറ്റന്‍ കോടതി തള്ളി. ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ് ഐ ടി) മോദിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് അന്ന് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം പി ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ കോടതിയെ സമീപിച്ചത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ എസ് ഐ ടിയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നുവെന്ന ഒറ്റ വാചകത്തിലാണ് മജിസ്‌ട്രേറ്റ് ബി ജെ ഗണത്ര ഉത്തരവിട്ടത്. ആവശ്യമെങ്കില്‍ സാകിയയുടെ അഭിഭാഷകന് മേല്‍ക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്യമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി ഉയര്‍ത്തിക്കാട്ടുന്ന മോദിക്ക് വിധി ഏറെ നിര്‍ണായകമാണ്.
വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ സാകിയയുടെ ഭര്‍ത്താവായ ഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ അറുപത്തിയെട്ട് പേരാണ് കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല അരങ്ങേറിയത്. കേസ് അന്വേഷിച്ച സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം കൂട്ടക്കൊല കേസിന്റെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ടിനാണ് സാകിയയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ് ഐ ടി മേധാവി ആര്‍ കെ രാഘവന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് ചോദ്യം ചെയ്ത് ഈ വര്‍ഷം ഏപ്രില്‍ പതിനഞ്ചിനാണ് സാകിയ ജഫ്‌രി തടസ്സ ഹരജി നല്‍കിയത്. എസ് ഐ ടിയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും മോദിക്കും മറ്റു പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സാകിയ ഹരജി നല്‍കിയിരുന്നത്.
മോദിക്കെതിരായ പരാതി അന്വേഷിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ മോദിക്ക് അനുകൂലമായല്ല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്നതിന് ശ്രമിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം മോദിക്കെതിരെ കേസെടുക്കാമെന്ന നിലപാടാണ് രാജു രാമചന്ദ്രന്‍ സ്വീകരിച്ചിരുന്നത്.
വിധി പ്രഖ്യാപന സമയത്ത് കോടതിയിലുണ്ടായിരുന്ന സാകിയ ജഫ്‌രി, മേല്‍ക്കോടതിയില്‍ ഒരു മാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. സാകിയയുടെ തടസ്സ ഹരജി കോടതി തള്ളിയതോടെ എസ് ഐ ടി റിപ്പോര്‍ട്ടിന്റെ സത്യസന്ധതയും പക്ഷപാതരാഹിത്യവും കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് എസ് ഐ ടിക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ആര്‍ എസ് ജാമുര്‍ അവകാശപ്പെട്ടു.

ALSO READ  വീണ്ടും പഴയ വീഞ്ഞ്; പുതിയ കുപ്പി