Connect with us

Kozhikode

ആദര്‍ശത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരെ കാലഘട്ടം സ്മരിക്കും: കാന്തപുരം

Published

|

Last Updated

കാരന്തൂര്‍: വ്യക്തിയെ ഇല്ലാതാക്കുന്നതിലൂടെ ആശയ ഉന്മൂലനം സാധ്യമല്ലെന്നും ആദര്‍ശത്തിന്റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന ആദര്‍ശ പോരാളികളുടെ സ്മരണയും ഓര്‍മയും എന്നും നിലനില്‍ക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ് ആര്‍ട്‌സ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന ഓസ്മക് സംഘടിപ്പിച്ച മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട മര്‍കസ് പൂര്‍വ വിദ്യാര്‍ഥി നൂറുദ്ദീന്‍ അനുസ്മരണവും മാധ്യമ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാപരമായി ഭിന്ന ചേരിയില്‍ പ്രവര്‍ത്തിക്കുമ്പോഴും വ്യക്തിത്വവും സാംസ്‌കാരിക മൂല്യവും ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകണം. വിദ്വേഷവും അക്രമോത്സുക പ്രവണതയും ഭീരുത്വത്തിന്റെ ലക്ഷണമാണ്. പക നിറഞ്ഞ മനസ്സുകള്‍ക്ക് സമൂഹത്തെ ധാര്‍മികമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സബൂര്‍ അവേലം പ്രാര്‍ഥന നടത്തി. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുസ്തഫ എടപ്പറ്റ, അമീര്‍ ഹസന്‍ ആസ്‌ത്രേലിയ സംസാരിച്ചു. രണ്ട് മണിക്ക് നടന്ന മാധ്യമ സെമിനാര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. മുസ്തഫ എറയ്ക്കല്‍, ഡോ.അബൂബക്കര്‍ പത്തംകുളം, ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി, സി കെ മുഹമ്മദ് കുട്ടി നടുവട്ടം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
21 വര്‍ഷം അധ്യാപനം നടത്തിയ വാക്കത്ത് അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാരെയും സയ്യിദ് സബൂര്‍ തങ്ങള്‍ അവേലത്തിനെയും ആര്‍ട്‌സ് കോളജ് പ്രഥമ വിദ്യാര്‍ഥി ഡോ. അബൂബക്കര്‍ പത്തംകുളത്തെയും ചടങ്ങില്‍ ആദരിച്ചു.

---- facebook comment plugin here -----