ഫഌവര്‍ഷോ സൊസൈറ്റിയുടെ രേഖകള്‍ പിടിച്ചെടുത്ത് സമഗ്ര അന്വേഷണം നടത്തണം

Posted on: December 25, 2013 8:38 am | Last updated: December 25, 2013 at 8:38 am

കല്‍പറ്റ: വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന ഫഌവര്‍ഷോയുടെ മുഴുവന്‍ രേഖകളും പിടിച്ചെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രമാതീതമായി വര്‍ധിപ്പിച്ച പ്രവേശന ഫീസ് കുറക്കണമെന്നും, മറ്റും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മണി മുതല്‍ ഏഴു വരെ പുഷ്‌പോത്സവ കവാടത്തിന് സമീപം നിരാഹാരം നടത്തുമെന്നും അവര്‍ അറിയിച്ചു.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കെതിരെ 2012ല്‍ പൊതുജനങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംഘാടകര്‍ പെട്ടെന്ന് 26 വര്‍ഷത്തെ കണക്കുണ്ടാക്കുകയും, മറ്റുമാണ് ചെയ്തത്. പരാതിയെ തുടര്‍ന്ന് ഫഌവര്‍ഷോയുടെ ചെയര്‍മാനായിരുന്ന അന്നത്തെ ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണഭട്ട് തല്‍സ്ഥാനത്തു നിന്നും മാറിനില്‍ക്കുകയുമുണ്ടായി.
വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. സൊസൈറ്റി ഇതുവരെ നടത്താതിരുന്നിട്ടും ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന എന്ന പേരില്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും ടാക്‌സ് ഇനത്തില്‍ ആനൂകുല്യം പറ്റുകയും ചെയ്യുന്നുണ്ട്.
നിയമ വിരുദ്ധമായി കൈപ്പറ്റിയ ടാക്‌സ് ഇളവ് തിരിച്ചു പിടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വ്യാപകമായ പരാതിയെ തുടര്‍ന്ന് 2012 നവംബര്‍ 16ന് സംഘടനയിലെ ചാരിറ്റി പ്രവര്‍ത്തനം ഒഴിവാക്കിയും, മറ്റും സംഘാടകര്‍ രക്ഷപ്പെടുന്ന തരത്തിലും 1986ലെ ബൈലോ പൊതുജനങ്ങളോ, സര്‍ക്കാരോ അറിയാതെ ദേഭഗതി വരുത്തുകയായിരുന്നു.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ 1986ല്‍ സൊസൈറ്റി രൂപീകരിക്കുകയും, യാതൊരു തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനവും നടത്താതെ പൊതുജനങ്ങളെയും, സര്‍ക്കാറിനെയും വഞ്ചിക്കുകയായിരുന്നു.
1987 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒരു വര്‍ഷവും കണക്കുകള്‍ അവതരിപ്പിക്കുകയോ, സൊസൈറ്റി രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്തിട്ടില്ലെന്ന് രജിസ്ട്രര്‍ ഓഫീസിലെ രേഖകളില്‍ നിന്നും വ്യക്തമാക്കുന്നതായി അവര്‍ പറഞ്ഞു. ജില്ലയിലെ പാവപ്പെട്ടവര്‍ക്ക് ഫഌവര്‍ഷോ കാണുന്നതിന് സാധിക്കാത്ത രീതിയില്‍ ഉയര്‍ന്ന പ്രവേശന ഫീസാണ് ഈടാക്കി വരുന്നത്. ഓരോ വര്‍ഷവും ടിക്കറ്റ് വില രണ്ടിരട്ടിയും, മൂന്നിരട്ടിയുമായി വര്‍ധിപ്പിച്ചു കൊണ്ടിരിക്കയാണ്. ഫഌവര്‍ഷോയെ സംബന്ധിച്ച് പരാതി ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, സാമൂഹിക-സാംസ്‌കാരിക രംഗത്തെ ആളുകളെയും ഫഌവര്‍ഷോയുടെ വിവിധ കമ്മിറ്റികളില്‍ അംഗങ്ങളാക്കിയും മറ്റുമാണ് വര്‍ഷങ്ങളായി ഫഌവര്‍ഷോയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ ജംഷീര്‍ പള്ളിവയല്‍, പി പി ഷൈജല്‍, എസ് ഗണേഷ്, സാലി റാട്ടക്കൊല്ലി, ഷമീര്‍ ഒടുവില്‍, ശ്രീജിത്ത് കുപ്പാടിത്തറ, മുനാഫ് റാട്ടക്കൊല്ലി, റംഷീദ് ചേമ്പാടി, എ ഹുസൈന്‍, അനസ് മരക്കാര്‍ പങ്കെടുത്തു.