Connect with us

Wayanad

പ്രതിഷേധം ഫലിച്ചു: നികുതി സ്വീകരിക്കാന്‍ തീരുമാനം

Published

|

Last Updated

മാനന്തവാടി: മാനന്തവാടി താലൂക്കിലെ ആറ് വില്ലേജുകളിലെ നികുതി സ്വീകരിക്കാതിരുന്ന ഭൂവുടമകളുടെ നികുതി സ്വീകരിക്കുവാന്‍ എഡിഎം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
ജന്‍മിയുടെ മകന്‍ നല്‍കിയ കേസിന്റെ വിധി നടപ്പിലാക്കുന്നതില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാനന്തവാടി, പയ്യംമ്പള്ളി, തിരുനെല്ലി, തൃശിലേരി, നല്ലൂര്‍നാട്, തവിഞ്ഞാല്‍ എന്നീ വില്ലേജുകളിലെ 700ല്‍പരം ഏക്കര്‍ ഭൂമി ഉടമകള്‍ വിട്ട് നല്‍കണമെന്ന് കോടതി വിധി ഉണ്ടായിരുന്നു.
ഈ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ ഭൂമി ഉള്‍പ്പെടുന്ന സര്‍വ്വേ നമ്പറുകളിലെ 1500ലധികം ഏക്കര്‍ ഭൂമിയുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന് മാനന്തവാടി താഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ അഡീഷണല്‍ തഹസില്‍ദാരെ ഉപരോധിച്ചിരുന്നു. ഉപരോധത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ചര്‍ച്ചക്ക് തയ്യാറായത്.
എഡിഎം വിളിച്ച യോഗത്തില്‍ കിസാന്‍സഭ അഖിലേന്ത്യാ ഫിനാന്‍സ് കമ്മിറ്റി സെക്രട്ടറി പി കൃഷ്ണപ്രസാദ് നികുതി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം യോഗം ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അറിവോ, അനുമതിയോ ഇല്ലാതെ മാനന്തവാടി താഹസില്‍ദാര്‍ തിരക്കിട്ട് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറായത് ഭൂമാഫിയകളെ സംരക്ഷാനാണെന്ന ആരോപണം ശക്തമാണ്. പ്രോസിക്യുഷന്‍ ഡയറക്ടര്‍ തസ്തികയില്‍ നിന്നും വിരമിച്ചയാളുള്‍പ്പെടുന്ന സംഘമാണ് കോടതി വിധി നടപ്പാക്കാനെന്ന പേരില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഇവര്‍ക്ക് വേണ്ടിയാണ് താഹസില്‍ദാര്‍ ഈ സര്‍വ്വേനമ്പറുകളില്‍ പ്പെടുന്ന മുഴുവന്‍ ഭൂമിയുടേയും നികുതി സ്വീകരിക്കേണ്ടന്ന നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ വിവിധ പ്രദേശങ്ങളില്‍ സിപിഐ എംന്റേയും കര്‍ഷകസംഘത്തിന്റേയും മറ്റും നേതൃത്വത്തില്‍ പ്രദേശീകമായി ജനകീയ കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ത്തതോടെ ഈ തീരുമാനത്തില്‍ നിന്നും പുറകോട്ട് പോകാന്‍ റവന്യൂ വകുപ്പ് നിര്‍ബന്ധിതരായി. ജന്മിയുടെ ഭാര്യ പുഷ്‌കരാംബാള്‍ കൈമാറ്റം നടത്തിയ ഭൂമികള്‍ തിട്ടപ്പെടുത്തി അവയുടെ നികുതി സ്വീകരിക്കാനാണ് തയ്യാറായിരുന്നത്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയുടെ ഭാഗമായി മുഴുവന്‍ ഭൂമിയുടേയും നികുതി സ്വീകരിക്കുവാന്‍ തീരുമാനമായി.
ക്രയവിക്രയമുള്‍പ്പെടെ നടക്കുന്നതിന് കോടതി വിധി തടസ്സമാണ്. ഈ വിധി മാറ്റികിട്ടുന്നതിന് ജില്ലാ ഗവ.പ്ലീഡറുടേയും, എജിയുടേയും സഹായത്തോടെ കോടതിയെ സമീപിക്കുവാനാണ് തീരുമാനം. കോടതി വിധി വരുന്നത് ഭുമിയുടെ ക്രയവിക്രയം നടത്താന്‍ കഴിയാത്തത് ജനങ്ങള്‍ക്ക് ദുരിതമാകും.ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പി കൃഷ്ണപ്രസാദിന് പുറമേ കെ മുഹമ്മദ്കുട്ടി, കെ എം വര്‍ക്കി, െജസ്റ്റിന്‍ ബേബി, പി ടി സുരേഷ്, കെ വി ജുബൈര്‍, പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എ കെ ജയഭാരതി, പി വി ജോണ്‍, ഇ ജെ ബാബു, പി എം ബെന്നി, സി പി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest