ഓര്‍മയായത് കരുത്തുറ്റ ആദര്‍ശ പോരാളിയെ

Posted on: December 25, 2013 8:00 am | Last updated: December 25, 2013 at 8:23 am

വണ്ടൂര്‍/പാണ്ടിക്കാട്: കഴിഞ്ഞ ദിവസം അന്തരിച്ച വെള്ളുവങ്ങാട് കെ കെ അബ്ദുള്ള മുസ്്‌ലിയാരുടെ വിയോഗത്തോടെ കരുത്തുറ്റ ആദര്‍ശ ധീരനെയാണ് ജില്ലക്ക് നഷ്ടമായത്.
1974 മുതല്‍ വെള്ളുവങ്ങാടും പരിസരങ്ങളിലും തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച പണ്ഡിതനായിരുന്നു അബ്ദുള്ള മുസ്്‌ലിയാര്‍. തന്റെ പ്രസംഗങ്ങള്‍ പുത്തനാശയക്കാര്‍ക്കെതിരെ പ്രത്യേകിച്ചും ഖാദിയാനിസത്തെ തെല്ലൊന്നുമല്ല പിടിച്ചുലച്ചിരുന്നത്.
ആന്‍ഡമാന്‍ ദ്വീപ്, തൃശ്ശൂര്‍ കേച്ചേരി, മമ്പാട്, പുള്ളിപ്പാടം, എരുമമുണ്ട, പത്തനാപുരം, കല്ലച്ചാല്‍, പിലാക്കല്‍, പെരിമ്പലം, പാണ്ടിക്കാട് അല്‍അന്‍സാര്‍ ഇസ്്‌ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിരുന്നു.
സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റിയുടെയും പാണ്ടിക്കാട് അല്‍അന്‍സാര്‍ ഇസ്്‌ലാമിക് സെന്ററിന്റെ വൈസ് പ്രസിഡന്റും മമ്പഉദ്ദീന്‍ മദ്രസ്സയുടെ സ്ഥാപക നേതാവും ദീര്‍ഘകാല പ്രസിഡന്റുമായിരുന്നു അദ്ദേഹം. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാര്‍ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, സയ്യിദ് അബ്ദുര്‍റഹിമാന്‍ മുല്ലക്കോയ തങ്ങള്‍, അഡ്വ. എം ഉമര്‍ എംഎല്‍ എ, അലവി ദാരിമി ചെറുകുളം, അലവി ഫൈസി കൊടശ്ശേരി തുടങ്ങിയ പ്രമുഖര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം വെള്ളുവങ്ങാട് പള്ളിപ്പടിയില്‍ നടന്ന അനുസ്മരണ സദസ്സില്‍ സൈതലവി ദാരിമി ആനക്കയം, അലവിക്കുട്ടി ബാഖവി എടക്കര, സയ്യിദ് ഇസ്മാഈല്‍ ഹുദവി, സയ്യിദ് അബ്ദുള്ള കോയ തങ്ങള്‍ ഉലൂമി, സയ്യിദ് അഹമ്മദ് കബീര്‍ തങ്ങള്‍, വി അബ്ദുള്ള ഫൈസി, ബശീര്‍ സഖാഫി കാരക്കുന്ന്, ഹംസ മുസ്്‌ലിയാര്‍, യി മുഹമ്മദ് സഖാഫി, അബ്ദുല്‍ലതീഫ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.