Connect with us

Kozhikode

വിജിലന്‍സ് സുവര്‍ണ ജൂബിലിയുടെ നിറവില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്നു. സുവര്‍ണ ജൂബിലി വര്‍ഷം സമഗ്ര അഴിമതി വിരുദ്ധ ബോധവത്കരണ വര്‍ഷമായി ആചരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്‌കുമാര്‍ സിംഗ്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1964 ഡിസംബര്‍ 21ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് വിജിലന്‍സ് വകുപ്പ് സ്വതന്ത്ര വകുപ്പായി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ മാസം 26ന് തുടക്കം കുറിക്കും.
അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ബോധവത്കരണ വര്‍ഷാചരണത്തിന്റെ മുഖ്യലക്ഷ്യമെന്ന് ഡയറക്ടര്‍ പറഞ്ഞു.
2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ മാസവും നടത്തുന്ന അഴിമതി വിരുദ്ധ ബോധവത്കരണ പരിപാടികളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം, ഉപന്യാസ മത്സരം, അഴിമതി നിര്‍മാര്‍ജന വിഷയങ്ങളിലുള്ള സെമിനാറുകള്‍, ബോധവത്കരണ പരിപാടികള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടും.
26ന് രാവിലെ 11.30ന് കനകക്കുന്ന് കൊട്ടാരം ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്‌കുമാര്‍ സിംഗ്ല, ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, ഡി ജി പി. കെ എസ് ബാലസുബ്രമണ്യം പങ്കെടുക്കും.
ഉദ്ഘാടന ദിവസം രാവിലെ ഏഴിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വിജിലന്‍സ് ഡയറക്ടറേറ്റ് വരെ സംഘടിപ്പിക്കുന്ന അഴിമതി വിരുദ്ധ ബോധവത്കരണ റാലി ചലചിത്രതാരം സുരേഷ്‌ഗോപി ഫഌഗ ്ഓഫ് ചെയ്യും.
രാവിലെ 9.30ന് കനകക്കുന്നില്‍ “ഭരണവും അഴിമതി നിരോധവും” എന്ന വിഷയത്തിലും ഉച്ചക്ക് 2.30ന് “അഴിമതി നിരോധനത്തില്‍ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പങ്ക്” എന്ന വിഷയത്തിലും സെമിനാറുകള്‍ സംഘടിപ്പിക്കും. എ ഡി ജി പി ആര്‍ ശ്രീലേഖ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest