Connect with us

National

ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്:അമിത് ഷായെ ഒഴിവാക്കി

Published

|

Last Updated

അഹ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) അനുബന്ധ കുറ്റപത്രത്തിലും നരേന്ദ്ര മോദിയുടെ വലംകൈയായ അമിത് ഷായുടെ പേരില്ലെന്ന് സൂചന. മുംബൈയിലെ കോളജ് വിദ്യാര്‍ഥിയായിരുന്ന ഇശ്‌റത്ത് ജഹാനെയും മൂന്ന് സുഹൃത്തുക്കളെയും 2004ല്‍ ജൂണ്‍ പതിനഞ്ചിന് ഗുജറാത്ത് പോലീസ് വ്യാജ ഏറ്റമുട്ടലില്‍ വധിച്ചതിന് പിന്നിലെ ഗൂഢാലോചനക്കാണ് അനുബന്ധ കുറ്റപത്രത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഈ കുറ്റപത്രത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ പേര് ഉള്‍പ്പെടുമെന്നായിരുന്നു അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, ഷായെ ഉള്‍പ്പെടുത്താന്‍ മതിയായ തെളിവില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ സി ബി ഐ.

മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനായി ജമ്മു കാശ്മീരില്‍ നിന്ന് വന്ന തീവ്രവാദികള്‍ എന്ന് മുദ്രകുത്തിയാണ് ഇശ്‌റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും പോലീസ് വകവരുത്തിയത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ രജീന്ദര്‍ കുമാര്‍ അടക്കമുള്ളവരെ കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി പ്രതി ചേര്‍ത്തിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലിന് മുമ്പ് കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളെ മാത്രമാണ് അമിത് ഷാ വിളിച്ചതെന്നാണ് സി ബി ഐയുടെ നിലപാട്. അത് ഔദ്യോഗികമായ ഫോണ്‍വിളിയായിരുന്നുവെന്ന് അമിത്ഷാ ചോദ്യം ചെയ്യലില്‍ അവകാശപ്പെട്ടിരുന്നു. കേസില്‍ ജൂലൈ മൂന്നിന് സി ബി ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഗുജറാത്ത് പോലീസും ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായാണ് ഓപറേഷന്‍ നടത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റില്‍ ഗുജറാത്ത് അഡീഷനല്‍ ഡി ജി പി. പി പി പാണ്ഡെയെ അറസ്റ്റ് ചെയ്തിരുന്നു. ഐ പി എസ് ഉദ്യോഗസ്ഥന്‍ ജി എല്‍ സിംഘാളും അഞ്ച് പോലീസ് ഉദ്യോഗസ്ഥരും അതിന് മുമ്പ് അറസ്റ്റിലായി. പക്ഷേ, തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് സാധിക്കാത്തതിനാല്‍ സിംഘാളും മറ്റും ജാമ്യത്തിലിറങ്ങുകയായിരുന്നു.
അതിനിടെ, അനുബന്ധ കുറ്റപത്രത്തില്‍ പേരുള്ള ഐ ബി ഉദ്യോഗസ്ഥരായ രജീന്ദര്‍ കുമാര്‍, പി മിത്തല്‍, എം കെ സിന്‍ഹ, രാജീവ് വാംഗഡെ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടും.
വ്യാജ ഏറ്റമുട്ടല്‍ അന്വേഷണം അട്ടിമറിക്കാന്‍ അമിത് ഷാ അറ്റോര്‍ണി ജനറലിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദരേഖയടങ്ങുന്ന പെന്‍ഡ്രൈവ് സിംഘാളില്‍ നിന്ന് ലഭിച്ചതായി സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് അമിത് ഷാ, അന്നത്തെ മറ്റൊരു മന്ത്രി പ്രഫുല്‍ പട്ടേല്‍, ഇപ്പോഴത്തെ മന്ത്രി പ്രദീപ് സിംഗ് ജഡേജ, അഡ്വക്കറ്റ് ജനറല്‍ കമല്‍ ത്രിവേദി തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.