Connect with us

National

ഇന്ത്യ- പാക് സൈനിക ഡയറക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

വാഗാ: ഇന്ത്യ – പാക് അതിര്‍ത്തിയില്‍ ആവര്‍ത്തിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലെയും സൈനിക ഡയറക്ടര്‍ ജനറലുമാര്‍ (ഡി ജി എം ഒ) കൂടിക്കാഴ്ച നടത്തി. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളിലെയും ഡി ജി എം ഒമാര്‍ മുഖാമുഖം വരുന്നത്. 1999ലായിരുന്നു കാര്‍ഗില്‍ യുദ്ധം. ഇന്ത്യന്‍ ഡി ജി എം ഒ ലെഫ്റ്റനന്റ് ജനറല്‍ വിനോദ് ഭാട്ടിയയും പാക്കിസ്ഥാന്‍ ഡി ജി എം ഒ ആമിര്‍ റിയാസുമാണ് കൂടിക്കാഴ്ച നടത്തിയത്.
കാശ്മീര്‍ അതിര്‍ത്തിയെ ചൊല്ലിയുള്ള ആശങ്കകള്‍ പങ്കുവെച്ച കൂടിക്കാഴ്ചക്കു ശേഷം ഇരുവരും സംയുക്ത പ്രസ്താവന നടത്തി. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടിയുണ്ടാകുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ, ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രണ്ട് ഫഌഗ് മീറ്റിംഗുകള്‍ സംഘടിപ്പിക്കും. നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടന്ന് ബന്ധപ്പെട്ട രാജ്യത്തെ അറിയിക്കുകയും അവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യുമെന്നും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ പ്രധാന മന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിംഗും നവാസ് ശരീഫും നടത്തിയ സംഭാഷണങ്ങളുടെ തുടര്‍ നടപടി എന്ന നിലയിലാണ് ഡി ജി എം ഒമാരുടെ യോഗം പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍ നടന്നത്. ഈ കൂടിക്കാഴ്ച വൈകുന്നതില്‍ മന്‍മോഹന്‍ സിംഗ് അടുത്തിടെ അതൃപ്തി അറിയിച്ചിരുന്നു.
2003ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഈ വര്‍ഷം നിരവധി തവണ പാക്കിസ്ഥാന്‍ ലംഘിച്ചിരുന്നു. ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ പാക് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണങ്ങളില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest