കല്യാണ്‍ ജ്വല്ലേഴ്‌സ്: ഷോറൂമുകളുടെ ഉദ്ഘാടനത്തിന് വന്‍ ഒരുക്കം

Posted on: December 24, 2013 8:52 pm | Last updated: December 24, 2013 at 8:52 pm

kalyan ghusaisദുബൈ: യു എ ഇയില്‍ ഒരേ ദിവസം ആറ് ഷോറൂമുകള്‍ തുറക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് വന്‍ ഒരുക്കത്തില്‍. ഖിസൈസിലും ബര്‍ദുബൈയിലും വന്‍ ഷോറൂമുകളാണ് വരുന്നത്. ഷോറൂമുകളില്‍ അവസാന മിനുക്കുപണികള്‍ നടന്നുവരികയാണെന്ന് ചെയര്‍മാന്‍ ടി എസ് കല്യാണരാമന്‍ അറിയിച്ചു.
ഖിസൈസില്‍ ഗ്രാന്റ് ഹോട്ടലിനു മുന്‍വശത്താണ് ഷോറൂം. ബര്‍ദുബൈയില്‍ അല്‍ ഫാഹിദി മ്യൂസിയത്തിനു സമീപവും. ഇതിനു പുറമെ അബുദാബി, ഷാര്‍ജ, ദുബൈ കറാമ, ബര്‍ദുബൈ മിനാ ബസാര്‍ എന്നിവിടങ്ങളിലും ഷോറൂമുകള്‍ വരുന്നുണ്ട്. 250 കോടി രൂപയാണ് യു എ ഇയില്‍ നിക്ഷേപം നടത്തുന്നത്. ഒറ്റ സംരംഭത്തില്‍ ഇത്രയധികം നിക്ഷേപം യു എ ഇയില്‍ ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്യാണരാമനും ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമനും രമേശ് കല്യാണരാമനും ഷോറൂമുകള്‍ സന്ദര്‍ശിച്ചു. ബ്രാന്‍ഡ് അംബാസിഡര്‍മാരായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റോയ്, നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങളുകളില്‍ സംബന്ധിക്കും. 375 ഓളം സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കുക. ഓരോ അംബാസിഡര്‍മാര്‍ക്കും 20 വീതം സുരക്ഷാ ജീവനക്കാരുണ്ടാകും.
അമിതാഭ് ബച്ചനെ കാണാന്‍ ബര്‍ദുബൈയില്‍ ധാരാളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. മിനാ ബസാറില്‍ ഉയരത്തില്‍ സ്റ്റേജ് ഒരുക്കും. അബുദാബിയില്‍ രാവിലെ എട്ടിനാണ് അംബാസിഡര്‍മാരുടെ സംഘം എത്തുക. ചാര്‍ട്ടേഡ് വിമാനത്തില്‍ ഷാര്‍ജയില്‍ രാവിലെ 10.30ന് എത്തും. അതിനുശേഷം ദുബൈയിലെത്തും. ഖിസൈസില്‍ ഉച്ചക്ക് ഒന്നിനാണ് ഉദ്ഘാടനം. കറാമയില്‍ 1.45നും ബര്‍ദുബൈയില്‍ 3.30നും മിനാ ബസാറില്‍ വൈകുന്നേരം നാലിനും ഉദ്ഘാടനം നടക്കും. വൈകുന്നേരം 5.30ന് ട്രേഡ് സെന്ററില്‍ ശങ്കര്‍ മഹാദേവന്റെ നേതൃത്വത്തില്‍ ഗാനമേളയുമുണ്ട്.