Connect with us

Wayanad

തൊഴില്‍ നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ കലക്ടറേറ്റ് ഉപരോധിച്ചു

Published

|

Last Updated

കല്‍പറ്റ: തൊഴില്‍നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ കലക്ടറേറ്റ് ഉപരോധിച്ചു. നൂറുകണക്കിന് യുവതീയുവാക്കളാണ് നിയമന നിരോധനത്തിനും അഴിമതി, വിലക്കയറ്റം എന്നിവയ്ക്കുമെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന കലക്ടറേറ്റ് വളയല്‍ സമരത്തില്‍ അണിചേര്‍ന്നത്. സമരത്തില്‍ ജില്ലാ ഭരണകേന്ദ്രം സ്തംഭിച്ചു. സര്‍ക്കാരിന്റെ യുവജനവിരുദ്ധ സമീപനങ്ങള്‍ക്കും, ജനകീയ സമരങ്ങളോടുള്ള അരാഷ്ട്രീയ സമീപനങ്ങള്‍ക്കും എതിരെയുള്ള ശക്തമായ താക്കീതായി സമരം മാറി. ജില്ലയുടെ വിദൂര ഭാഗങ്ങളിനിന്നുപോലുംചെറുപ്രക ടനങ്ങളായി ഞായറാഴ്ച രാത്രിയോടെ തന്നെ യുവജനങ്ങള്‍ നഗരത്തിലെത്തിയിരുന്നു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഷെല്‍ട്ടറുകളിലും പരിസരങ്ങളിലുമായി തമ്പടിച്ച വളണ്ടിയര്‍മാര്‍ രാവിലെ ആറുമുതല്‍ കലക്ടറേറ്റിന്റെ ഇരു കവാടങ്ങളിലും എത്തി.
അതിരാവിലെ കടുത്ത തണുപ്പിനെ അവഗണിച്ച് ആവേശം പകര്‍ന്ന മുദ്രവാക്യങ്ങളുമായാണ് സമരഭടന്‍മാര്‍ നീങ്ങിയത്. രാവിലെ ഏഴോടെതന്നെ നഗരം സര്‍ക്കാരിനെതിരെയുള്ള മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. രണ്ടരവര്‍ഷമായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെയുള്ള രോഷപ്രകടനമായി മാറി കലക്ടറേറ്റും പരിസരവും. പിഎസ്‌സി യെ നോക്കുകുത്തിയാക്കിയുളള പിന്‍വാതില്‍ നിയമനത്തിനെതിരെയും, കോഴനിയമനത്തിനെതിരെയും വിലക്കയറ്റത്തിനെതിരെയും യുവജനങ്ങള്‍ മുദ്രാവാക്യം മുഴക്കി.
രാവിലെ പത്തരയോടെ സമരം എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ് കെ ഷെമീര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എ അരുണ്‍കുമാര്‍, സിപി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, ജില്ലാസെക്രട്ടറിയറ്റംഗം കെ വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി ടി ബിജു സ്വഗതവും വി ഹാരീസ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനാപ്രതിനിധികള്‍ യുവജന പോരാട്ടത്തിന് അഭിവാദ്യമര്‍പ്പിച്ചു.

Latest