എസ് എം എ ജില്ലാ ജനജാഗരണ ക്യാമ്പ് നാളെ പുത്തനത്താണിയില്‍

Posted on: December 24, 2013 8:39 am | Last updated: December 24, 2013 at 8:39 am

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനജാഗരണ ക്യാമ്പ് നാളെ രാവിലെ 9.30 മുതല്‍ അഞ്ച് മണി വരെ പുത്തനത്താണി കന്‍മനം കുറുങ്കാട് അല്‍ഫിര്‍ദൗസ് ദഅ്‌വാ കോളജില്‍ നടക്കും. മഹല്ല് സ്ഥാപനങ്ങള്‍ പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്ന്‌പൊയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആധുനിക വത്കരണത്തിന്റെ മാറ്റ ങ്ങള്‍ ഉള്‍കൊണ്ട് സമുദായത്തെയും സ്ഥാപനങ്ങളെയും സമൂഹത്തോടൊപ്പം പുതിയ ലോകത്തിനെ വരവേല്‍ക്കാന്‍ ശക്തിയും പ്രവര്‍ത്തന ഊര്‍ജ്ജവും നല്‍കി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘സജ്ജീകരണം 2013’ ജനജാഗരണ ക്യാമ്പുകള്‍ യൂനിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ നടക്കുകയാണ്.
വിദ്യാഭ്യാസം, തൊഴില്‍, ആത്മീയം, സംസ്‌കരണം എന്നിവയിലൂടെ സമയ ബന്ധിതമായി മഹല്ല് സംവിധാനങ്ങളുടെ പുന:ക്രമീകരണം ലക്ഷ്യംവെച്ചുളള ക്യാമ്പില്‍ റീജ്യണല്‍, മേഖല എക്‌സിക്യൂട്ടീവ,് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫ് ജിലാനി വൈലത്തൂര്‍ അധ്യക്ഷത വഹിക്കും.
11 മണിക്ക് നാം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ, 12 മണിക്ക് നേതൃഗുണങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. കെ എം എ റഹീം, മൂന്ന് മണിക്ക് ഇലക്ഷന്‍ ഷെഡ്യൂള്‍ വിശദീകരണം, നമ്മുടെ ചരിത്രം എന്ന വിഷയത്തില്‍ ഇ യഅ്ഖൂബ് ഫൈസി, ആത്മ സംസ്‌കരണം എന്ന വിഷയത്തില്‍ അലി ബാഖവി ആറ്റുപുറം എന്നിവര്‍ ക്ലാസെടുക്കും.
എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി എം കോയ മാസ്റ്റര്‍, എം എ ലത്വീഫ് മുസ്‌ലിയാര്‍ പ്രസംഗിക്കും.