ദുരിതമൊഴിയാതെ കലാപ ബാധിതര്‍

Posted on: December 24, 2013 6:00 am | Last updated: December 24, 2013 at 12:18 am

SIRAJ.......മുസാഫര്‍ നഗര്‍ കലാപത്തിന്റെ ഇരകള്‍ അനുഭവിക്കുന്ന കൊടിയ ദുരിതത്തിന്റെ പ്രതിഫലനമാണ് ഞായറാഴ്ച രാഹുല്‍ ഗാന്ധിയുടെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശന വേളയില്‍ പ്രകടമായത്. സന്ദര്‍ശനം കഴിഞ്ഞു മടങ്ങാനൊരുങ്ങവെ ക്യാമ്പിലെ താമസക്കാര്‍ രാഹുലിന്റെ വാഹനവ്യൂഹം തടയുകയും, കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുകയുമുണ്ടായി. കലാപബാധിതര്‍ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ക്യാമ്പുകളുടെ നില പരമദയനീയമാണെന്നും സൗകര്യങ്ങളുടെ അപര്യാപ്തത മുലം കുഞ്ഞുങ്ങള്‍ അവിടെ മരിച്ചുകൊണ്ടിരിക്കുകയാണെന്നും പിന്നീട് രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറയുകയുണ്ടായി.
കലാപം കഴിഞ്ഞു നാല് മാസം പിന്നിട്ടിട്ടും ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ക്യാമ്പുകളില്‍ തന്നെയാണ്. വീടുകള്‍ നഷ്‌പ്പെട്ടും ഭയന്നോടിയും അമ്പതിനായിരത്തിലേറെ പേര്‍ ക്യാമ്പുകളില്‍ എത്തിയിരുന്നു. ഇവരില്‍ ഏറെ പേരും വീടുകളിലേക്ക് മടങ്ങിപ്പോയി. ഹിന്ദുത്വ ഭീകരരെ ഭയന്നാണ് അവശേഷിക്കുന്നവര്‍ ക്യാമ്പുകള്‍ വിട്ടുപോകാന്‍ വിസമ്മതിക്കുന്നത്. പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കി വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അധികൃതര്‍ അവരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ സുരക്ഷാസംവിധാനങ്ങളില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് അവര്‍ തിരിച്ചുപോകാന്‍ വിസമ്മതിക്കുകയാണ്. ക്യാമ്പ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധിയും വീടുകളിലേക്ക് തിരിച്ചു പോകണമെന്ന് ഉപദേശിച്ചെങ്കിലും, ദുരിതാശ്വസ ക്യാമ്പിലെ കൊടും തണുപ്പ് സഹിച്ചാലും ഇനി നാട്ടിലേക്കില്ലെന്നായിരുന്നു അഭയാര്‍ഥികളുടെ പ്രതികരണം. കലാപം അവരില്‍ അത്രമാത്രം ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
ഉത്തരേന്ത്യ അതിശൈത്യത്തില്‍ വിറങ്ങലിച്ചു നില്‍ക്കെ, അതിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ടാര്‍പോളിന്‍ കൊണ്ടുള്ള ക്യാമ്പുകളാണ് അഭയാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പുതക്കാന്‍ കമ്പിളിയോ, ധരിക്കാനുള്ള വസ്ത്രം പോലുമോ ഇല്ലാതെ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കയാണവര്‍. അതിശൈത്യം ക്യാമ്പുകളില്‍ രോഗവും പടര്‍ത്തുന്നു. ആശുപത്രിയില്‍ ചെന്ന് ചികിത്സിക്കാന്‍ പണവുമില്ല. ചികില്‍സാ സഹായം എത്തിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്തു നിന്ന് മതിയായ പരിഗണന ഉണ്ടായിട്ടില്ല. ഇവര്‍ക്ക് നല്‍കിപ്പോന്ന റേഷന്‍ നവംബര്‍ ആദ്യവാരത്തോടെ നിര്‍ത്തലക്കുകയുമുണ്ടായി. സ്‌റ്റോക്ക് തീര്‍ന്നതാണെന്നായിരുന്നു കാരണമായി പറഞ്ഞത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കുന്നതിലൊതുങ്ങി തുടര്‍ നടപടി. ശൈത്യം സഹിക്കാനാകാതെയും രോഗങ്ങള്‍ ബാധിച്ചും പിഞ്ചുകുട്ടികളടക്കം അമ്പതിലേറെ പേര്‍ ഇതിനകം ക്യാമ്പുകളില്‍ മരണപ്പെട്ടു. ക്യാമ്പലെ താമസക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥ പാര്‍ലമെന്റിലെ ചര്‍ച്ചക്കും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിനും വിധേയമായതാണ്.
വ്യത്യസ്ഥ മതവിഭാഗത്തിലെ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ ആകസ്മിക സംഭവമാണ് കലാപത്തിന് ഹേതുകമായി പറയുന്നതെങ്കിലും ബി ജെ പി. എം എല്‍ എ സുരേഷ് റാണ, സംഗീത് സോം, സാധ്വി പ്രാചി തുടങ്ങയവരുടെ പ്രകോപനപരമായ പ്രസംഗങ്ങളും, സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളും, ഗുജറാത്തിലെ പോലെ സംഘ്പരിവാര്‍ ആസൂത്രണം ഇതിന്റെ പിന്നിലുമുണ്ടെന്ന് വ്യക്തമാക്കുന്നു. വളരെ മുമ്പ് മറ്റെവിടെയോ നടന്ന ഒരു അക്രമത്തിന്റെ ദൃശ്യമാണ്, മുസാഫര്‍ നഗറില്‍ കൊല്ലപ്പെട്ട ഹൈന്ദവ യുവാവിനോടുള്ള മുസ്‌ലിംകളുടെ ക്രൂരത എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ അവര്‍ പ്രചരിപ്പിച്ചത്. കലാപത്തിന്റെ വ്യാപനത്തില്‍ ഇത് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. മുസ്‌ലിം യുവാക്കളെ കൊന്നൊടുക്കിയും വീടുകള്‍ തകര്‍ത്തും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചും വംശീയമായി വേട്ടായാടി പ്രദേശത്ത് നിന്നു അവരെ ആട്ടിയോടിച്ചു മറ്റൊരു ഗുജറാത്ത് സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യാക്കി നടത്തിയ ഈ കലാപം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കലക്കുവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാനാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാന സര്‍ക്കര്‍ ഉണര്‍ന്നു പ്രവത്തിച്ചിരുന്നുവെങ്കില്‍ കലാപം ഇത്രയും രൂക്ഷമാകുമായിരുന്നില്ല.
ഇനിയെങ്കിലും ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണ, ചികിത്സാ സൗകര്യങ്ങളും ശൈത്യത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയും സ്വന്തം ഗ്രാമങ്ങളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചും കലാപത്തിലെ ഇരകളോട് നീതി കാണിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം. കലാപ ദുരിത ബാധിതരെ സഹായിക്കാന്‍ അഖിലേഷ് യാദവിനോട് ഉപദേശിച്ച രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ കേന്ദ്രത്തിനും ചില ബാധ്യതകളുണ്ടെന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ഇരകള്‍ക്ക് ആശ്വാസമേകുന്ന ഒരു പ്രഖ്യാപനവും നടത്താതെയാണ് കോണ്‍ഗ്രസിന്റെ ഭാവിപ്രധാനമന്ത്രി സ്ഥാനാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു മടങ്ങിയത്.

ALSO READ  ഇന്ധന വില: സെഞ്ച്വറി കടന്ന് കേരളവും