യുവജനരോഷം: ഭരണസിരാകേന്ദ്രങ്ങള്‍ സ്തംഭിച്ചു

Posted on: December 24, 2013 12:09 am | Last updated: December 23, 2013 at 11:10 pm

കാസര്‍കോട്: ഭരണാധികാരികള്‍ക്ക് രാജ്യത്തെ യുവാക്കളോട് നീതി പുലര്‍ത്താന്‍ കഴിയണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് അഭിപ്രായപ്പെട്ടു. അഴിമതി, നിയമന നിരോധം, വിലക്കയറ്റം എന്നിവയെക്കെതിരെ യുവജന മുന്നേറ്റം എന്ന മുദ്യാവാക്യവുമായി ഡി വൈ എഫ് ഐ സംഘടിപ്പിച്ച കലക്ടറേറ്റ് വളയല്‍ സമരം കാസര്‍കോട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവാക്കളെ തൊഴിലില്ലായ്മയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന സമീപനമാണ് നിയമന നിരോധനത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. രണ്ടര പതിറ്റാണ്ടു മുമ്പ് ഇന്ത്യന്‍ റെയില്‍വേയില്‍ 16.5 ലക്ഷം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏറെ മുന്നോട്ടു പോയിക്കോണ്ടിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ ഇപ്പോള്‍ 25 ലക്ഷത്തോളം തൊഴിലാളികള്‍ ഉണ്ടാകേണ്ടിടത്ത് വെറും 11.5 ലക്ഷം തൊഴിലാളികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് കേന്ദ്രസര്‍വീസില്‍ 36,000 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പി എസ് സിയെ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനമാണ് സര്‍കാര്‍ സ്വീകരിക്കുന്നത്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയും നിയമനം നടത്താത്തിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഡി വൈ എഫ് ഐ രംഗത്തുവന്നതോടെ സംസ്ഥാനത്ത് നിയമന നിരോധമനില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നിയമന നിരോധം ഇല്ലെങ്കില്‍ എന്തിനു വേണ്ടിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. അഴിമതിക്ക് കൂട്ടുനില്‍ക്കുക മാത്രമല്ല, കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയായി കൂടി ഉമ്മന്‍ചാണ്ടി മാറിയിരിക്കുകയാണെന്ന് സ്വരാജ് പറഞ്ഞു.
കലക്ടറേറ്റിലേക്കുള്ള എല്ലാ കവാടങ്ങളും ഉപരോധിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അകത്തു കടക്കാനായില്ല. സര്‍കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായി മാറിയ സമരത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കാല്‍നടയായാണ് പ്രവര്‍ത്തകര്‍ എത്തിയത്.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, പി രാഘവന്‍, എം രാജഗോപാലന്‍, എം വി കോമന്‍നമ്പ്യാര്‍, വി കെ രാജന്‍, ടി കെ രാജന്‍, വി നാരായണന്‍, ഇ പത്മാവതി, വി പ്രകാശന്‍, കെ രേവതി, ഷാലുമാത്യു, കെ സബീഷ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.