Connect with us

Gulf

വീട്ടുജോലിക്കാരുടെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

Published

|

Last Updated

അബുദാബി: വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. 2011ല്‍ മാത്രം 1,000ല്‍ അധികം ക്രിമിനല്‍ കേസുകളാണ് ഇത്തരക്കാരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 108 എണ്ണവും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ അംഗം മൊസാബഹ് സയീദ് അല്‍ കത്ബി ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സി(എഫ് എന്‍ സി)ലില്‍ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിരവധി അംഗങ്ങള്‍ ഫെഡറല്‍ കൗണ്‍സിലില്‍ ആശങ്ക പങ്കുവെച്ചു.

വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍് തടയിടാന്‍ ജി സി സി രാജ്യങ്ങളില്‍ കൂട്ടായ ക്രിമിനല്‍ റിക്കാര്‍ഡ് സംവിധാനം ഉണ്ടാവണമെന്നും ഷാര്‍ജയില്‍ നിന്നുള്ള അംഗമായ മൊസാബഹ് ആവശ്യപ്പെട്ടു. ഐറിസ് സ്‌കാന്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വിദേശികള്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുന്നുണ്ടെങ്കിലും സമാനമായ കുറ്റകൃത്യങ്ങളില്‍ മറ്റ് ജി സി സി രാജ്യങ്ങളില്‍ ശിക്ഷ അനുഭവിക്കുകയും രാജ്യത്ത് നിന്നും നാടുകടത്തുകയും ചെയ്തവര്‍ യു എ ഇയില്‍ എത്തുന്നത് തടയാന്‍ സാധിക്കുന്നില്ലെന്നത് സുരക്ഷക്ക് ഭീഷണിയാണ്. ഓരോ വര്‍ഷവും ഒരു ലക്ഷം വിസകളാണ് ഗാര്‍ഹിക ജോലിക്കായി യു എ ഇ ഇഷ്യൂ ചെയ്യുന്നത്.
ഫെഡറല്‍ ബജറ്റ് പുനപരിശോധിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. 2014-2016ലേക്കുള്ള ഫെഡറല്‍ ബജറ്റില്‍ 2014ലേക്ക് നീക്കിവെച്ച 4,600 കോടി ദിര്‍ഹത്തില്‍ പാതിയും വികസനത്തിനും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുമാണ്. ഇത് പുനപരിശോധിക്കണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2013ലേക്ക് വകയിരുത്തിയത് 4,460 കോടി ദിര്‍ഹമായിരുന്നു. 2014-2016 കാലഘട്ടത്തിലേക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന മൊത്തം തുക 14,000 കോടി ദിര്‍ഹമാണ്. 2011-2013 വര്‍ഷത്തേക്കുള്ള കഴിഞ്ഞ ബജറ്റില്‍ 13,300 കോടി ദിര്‍ഹമായിരുന്നു മൊത്തം വകയിരുത്തിയത്. മൊത്തം വകയിരുത്തുന്ന തുകയുടെ 86 ശതമാനവും എണ്ണ സമ്പന്നമായ അബുദാബിയാണ് സംഭാവന ചെയ്യുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റിന്റെ 21 ശതമാനം മാറ്റിവെച്ചിരിക്കുന്നത് വിദ്യഭ്യാസത്തിനാണ്. 970 കോടി ദിര്‍ഹം വരും ഇതിനുള്ള തുക. ആരോഗ്യത്തിന് ബജറ്റില്‍ 370 കോടിയും പാര്‍പ്പിട പദ്ധതിക്ക് 140 കോടിയും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് 1,850 കോടിയും വിവാഹ സഹായധനമായി 40 കോടി ദിര്‍ഹവുമാണ് 2014ലേക്ക് നീക്കിവച്ചിരിക്കുന്നത്.
പ്രദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അജമാനില്‍ നിന്നുള്ള അംഗമായ അലി ഈസ അല്‍ നുഐമി സാംസ്‌കാരികസാമൂഹിക-യുവജന ക്ഷേമ മന്ത്രിയായ ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനോട് ചോദ്യമുന്നയിച്ചു. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് യു എന്‍ ഗ്ലോബല്‍ കോഡ് ഓഫ് എത്‌നിക്‌സിന്റെ വെളിച്ചത്തില്‍ വിനോദസഞ്ചാര രംഗത്തെ സ്വദേശി താല്‍പര്യം സംരക്ഷിക്കാന്‍ നാഷനല്‍ ടൂറിസം ആന്‍ഡ് ആന്റിക് കൗണ്‍സില്‍ നടപടി സ്വീകരിക്കണം.
വിമാന ടിക്കറ്റിനും ഹോട്ടലിലും സ്വദേശികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളേണ്ടതാണ്. വിദേശികളെ അപേക്ഷിച്ച് ഹോട്ടലുകളും വിമാനകമ്പനികളും സ്വദേശികളോട് കൂടിയ തുക ഈടാക്കുന്നതായും അദ്ദേഹം പരാതിപ്പെട്ടു. ഷാര്‍ജയിലെ മലിഹയില്‍ പോസ്റ്റ് ഓഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മറ്റൊരംഗവും ആവശ്യപ്പെട്ടു.

Latest