Connect with us

Gulf

ടൂറിസം വികസന പദ്ധതികളില്‍ ജി സി സി സംയുക്ത നിക്ഷേപം

Published

|

Last Updated

മസ്‌കത്ത്: ടൂറിസം വികസനത്തിനായി നടത്തുന്ന വിവിധ പദ്ധതികളിലും നിക്ഷേപ സംരംഭങ്ങളിലും ജി സി സി രാജ്യങ്ങളിലെ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രികള്‍ സഹകരിക്കും. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഖലീല്‍ ബിന്‍ അബ്ദുല്ല അല്‍ ഖുന്‍ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാനിലെ പ്രഥമ ടൂറിസം നിക്ഷേപ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി സി സി രാജ്യങ്ങളിലെ ചേംബറുകളോട് സഹകരണം അഭ്യര്‍ഥിച്ചിച്ചുണ്ടെന്നും യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഫലമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ പദ്ധതികള്‍ക്ക് സുരക്ഷിതമായ മേഖലയാണ് ടൂറിസം. ഓരോ രാജ്യത്തെയും പ്രാദേശികവും ദേശാന്തരീയവുമായ വിവരങ്ങള്‍ കൈമാറുന്നതും സഹകരിക്കുന്നതും ടൂറിസം വികസനത്തെ മികച്ചതാക്കും. ടൂറിസവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം, പരിശീലനം തുടങ്ങിയ രംഗത്ത് തുറന്ന ചര്‍ച്ചകളും സഹകരണവും ഉണ്ടാകേണ്ടതുണ്ടെന്നും സംയുക്ത ജി സി സി നിക്ഷേപത്തിന്റെ സാധ്യതകളും ടൂറിസം മേഖല തുറന്നു തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍ബുസ്താന്‍ പാലസ് ഹോട്ടലില്‍ ആരംഭിച്ച നിക്ഷേപക ഫോറം ദി റിസര്‍ച്ച് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ സെക്രട്ടറി ജനറല്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസ്സആദ് ബിന്‍ താരിഖ് അല്‍ സൈദ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ജി സി സി ചേംബേഴ്‌സ് ഫെഡറേഷനുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പത്.
രാജ്യത്തെ ടൂറിസം സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഫോറത്തിലെ പ്രധാന അന്വേഷണം. നിക്ഷേപ സാഹചര്യങ്ങള്‍, ടൂറിസം മേഖലയില്‍നിന്നുള്ള ആഭ്യന്തര വരുമാനം, തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പരിശോധിക്കുന്നു. സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ രണ്ടു സെഷനുകളാണ് നടന്നത്.
“ടൂറിസം പദ്ധതികള്‍, പരിശീലനം എന്നിവയുടെ സംയോജനം”, “രാജ്യത്തെ ടൂറിസം മേഖലയിലെ നിക്ഷേപാവസരങ്ങള്‍: സ്വകാര്യമേഖലയുടെ കാഴ്ചപ്പാട്” എന്ന വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഓഷ്യന്‍ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

Latest