നെല്‍പാടങ്ങള്‍ മറ്റ് കൃഷികള്‍ക്ക് വഴിമാറുന്നു

Posted on: December 23, 2013 1:09 pm | Last updated: December 23, 2013 at 1:09 pm

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പ്രധാന കാര്‍ഷികമേഖലയായ തെങ്കരയിലെ പാടശേഖരങ്ങള്‍ മറ്റു വിളകള്‍ക്കായി വഴിമാറുന്നു. നൂറു ഹെക്ടറിലേറെ വരുന്ന പ്രദേശത്തെ നെല്‍പാടങ്ങളാണ് ഇത്തരത്തില്‍ മറ്റു കൃഷികളിലേക്ക് തിരിയുന്നത്.
കൊറ്റിയോട് പാട ശേഖരസമിതി ഉള്‍പ്പെടുന്ന ഭാഗത്ത് വ്യാപകതോതിലാണ് റബര്‍കൃഷി തുടങ്ങിയിരിക്കുന്നത്. തദ്ദേശീയരുടെ എതിര്‍പ്പ് രൂക്ഷമാണെങ്കിലും അഞ്ച് ഹെക്ടറോളം വരുന്ന പാടശേഖരത്തില്‍ റബര്‍ കൃഷി തുടങ്ങി കഴിഞ്ഞു. പാലക്കാട്, വയനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ റബര്‍തൈകള്‍ കയറ്റി അയക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൈയേറ്റ മേഖലയില്‍ റബര്‍കൃഷി തുടങ്ങിയിരിക്കുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷം വരെ തെങ്കര കൃഷി’വനില്‍നിന്നും ഉഴവുകൂലിയും മറ്റു കാര്‍ഷിക ആനുകൂല്യങ്ങളും വാങ്ങിച്ചിരുന്ന പാടശേഖരങ്ങളാണിത്. പ്രധാനമായും ബഡ് ചെയ്യുന്നതിനാവശ്യമായ ചെടികളാണ് വളര്‍ത്തിയെടുക്കുന്നത്.
പിന്നീട് ഇവിടെ മണ്ണിട്ടുയര്‍ത്തുകയാണ് റിയല്‍ എസ്റ്റേറ്റുകാരുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. കൊറ്റിയോടിനു പുറമേ മേലാമുറി, തത്തേങ്ങലം എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള പദ്ധതികള്‍ തുടങ്ങി.
തെങ്കര ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ രണ്ട്‌വര്‍ഷത്തിനിടെ മുപ്പത് ഹെക്ടറോളം ഭൂമിയാണ് നികത്തിയിട്ടുള്ളത്. ഇതിനെതിരേ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല. നെല്‍കൃഷി നിര്‍ത്തലാക്കുന്ന നടപടിക്കെതിരേ കര്‍ഷക സംഘടനകളാരും തന്നെ പ്രതികരിക്കുന്നുമില്ല.