Connect with us

Palakkad

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാല്‍നാട്ടി

Published

|

Last Updated

പാലക്കാട്: അമ്പത്തിനാലാമത് സംസ്ഥാന സകൂള്‍ കലോത്സവത്തിന്റെ പന്തലിന് പാലക്കാട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ കാല്‍നാട്ടി. ഞായറാഴ്ച വൈകിട്ട് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബാണ് ചടങ്ങ് നിര്‍വഹിച്ചത്. കഴിഞ്ഞവര്‍ഷത്തെ മലപ്പുറത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയമാതൃക പാലക്കാട്ടും ആവര്‍ത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പിന്നാക്ക ജില്ലയായ പാലക്കാടിനും അര്‍ഹതപ്പെട്ടത് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെയും അതിഥികളെയും സ്വീകരിച്ചത്. ശാഫിപറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
ജനുവരി 19 മുതല്‍ 25വരെ കേരളത്തിലെ പന്ത്രണ്ടായിരത്തോളം കൗമാര പ്രതിഭകള്‍ മാറ്റുരക്കാനെത്തുന്ന കലോത്സവത്തിന്റെ ഒരുക്കം ഡി പി ഐ ബിജുപ്രഭാകറിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ജനുവരി 19ന് ഘോഷയാത്രയോടെയാണ് ഏഴ് ദിവസം നീളുന്ന കലാമാമാങ്കത്തിന് തുടക്കമാവുക. 50ലേറെ സ്‌കൂളുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
നെഹ്‌റു യുവ കേന്ദ്ര, യുവജന ക്ഷേമബോര്‍ഡ് തുടങ്ങിയ 15ലേറെ വകുപ്പുകള്‍ ഫ്‌ളോട്ട് ഒരുക്കും. മത്സരവിജയികള്‍ക്ക് നല്‍കുന്ന 250 ഓളം റോളിംഗ് ട്രോഫികളില്‍ കാലപ്പഴക്കം വന്നതില്‍ നിശ്ചിതശതമാനം മാറ്റുമെന്നും ബാക്കിയുള്ളവയുടെ കേടുപാടുകള്‍ തീര്‍ക്കുമെന്നും ഡി പി ഐ പറഞ്ഞു.അടുത്ത 16ന് കലോത്സവ സ്വര്‍ണക്കപ്പ് കോഴിക്കോട് നിന്ന് കൊണ്ടുവരുമ്പോള്‍ അലനല്ലൂര്‍ കുളപ്പറമ്പില്‍ വരവേല്‍ക്കാനും വാഹനം കടന്നുപോകുന്ന പഞ്ചായത്തുകളില്‍ സ്വീകരണം നല്‍കാനും തീരുമാനിച്ചു. കലോത്സവത്തിനെത്തുന്നവരെ സ്വീകരിക്കാനായി 18ന് ഒലവക്കോട് റെയില്‍വേസ്റ്റേഷനിലും രണ്ട് ബസ് സ്റ്റാന്‍ഡുകളിലും സ്വീകരണകേന്ദ്രങ്ങള്‍ ഒരുക്കും. 4000ലിറ്റര്‍ തിളപ്പിച്ചാറ്റിയ കുടിവെള്ളം വേദികളില്‍ എത്തിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. പാലക്കാടന്‍ തനിമയുള്ള വിഭവങ്ങള്‍ മേളയില്‍ നല്‍കുമെന്ന് ഭക്ഷണകമ്മിറ്റി അറിയിച്ചു. ഇ-ടോയ്‌ലറ്റ്- മൊബൈല്‍ ടോയ്‌ലറ്റ് സംവിധാനമുണ്ടാകും.
കലോത്സവത്തിന് രണ്ട് കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക”ഭാരം ലഘൂകരിക്കുന്നതിന് പരസ്യം സ്വീകരിക്കുമെന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ശാഫി പറമ്പില്‍ എം എല്‍ എ അറിയിച്ചു.
കവാടം, സ്റ്റേജ്, പന്തലിന്റെ വശങ്ങള്‍ എന്നിവിടങ്ങളില്‍ നിശ്ചിത ശതമാനം സ്ഥലം പരസ്യത്തിനായി നീക്കിവെക്കും. ഇതിന് പുറമെ ഡിജിറ്റല്‍ ഡിസ്‌പ്ലേ, വീഡിയോ വാള്‍ എന്നിവയും ഉണ്ടാകും.
താത്പര്യമുളളവര്‍ 27 നകം ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറെ 94476 22495 നമ്പറില്‍ ബന്ധപ്പെടണം. പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങില്‍ എന്‍ ശംസുദീന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, നഗരസഭാ ചെയര്‍മാന്‍ എ അബ്ദുല്‍ ഖുദ്ദൂസ്, വൈസ് ചെയര്‍മാന്‍ എം സഹീല, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, എ ഡി എം കെ ഗണേശന്‍, കളത്തില്‍ അബ്ദുല്ല, എ ഡി പി ഐ വി കെ സരളമ്മ, ഡി ഇ ഒ എം ഐ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ സ്വാഗതം പറഞ്ഞു.