Connect with us

Palakkad

ഭക്ഷ്യസുരക്ഷ ഫലപ്രദമാവണമെങ്കില്‍ വിപണിവില നിയന്ത്രിക്കണം: സെമിനാര്‍

Published

|

Last Updated

പനമരം: ഭക്ഷ്യസുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പിലാകണമെങ്കില്‍ വിപണവില നിയന്ത്രിക്കണമെന്ന് സെമിനാര്‍. സംസ്ഥാനത്തെ ചില റേഷന്‍ വ്യാപാരികള്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നതായി കാണാം. ഒരുമാസത്തെ ഭക്ഷണസാധനങ്ങള്‍ ആഴ്ചക്കണക്കിനാണ് വിതരണം ചെയ്യുന്നത്.
ഒരാഴ്ച സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ അടുത്ത ആഴ്ച വിതരണം ചെയ്യാന്‍ തയ്യാറാകുന്നില്ല. പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ കാര്‍ഡുകള്‍ റേഷന്‍ കടകളില്‍ വാങ്ങിവെക്കുന്നതായും കാണാന്‍ സാധിക്കും. മാത്രമല്ല, കൃത്യമായ അളവില്‍ സാധനങ്ങള്‍ നല്‍കാനോ ബില്ല് കൊടുക്കാനോ പലരും തയ്യാറാകുന്നില്ല.
ഇക്കാര്യങ്ങളിലെല്ലാം അടിയന്തര നടപടി സ്വീകരിച്ച് ആദിവാസികളടക്കമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ് വേണ്ടതെന്നും പൈതൃകോത്സവത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയും പട്ടിക വിഭാഗങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തിയ നീതിവേദി ഡയറക്ടര്‍ അഡ്വ. ഫാ. സ്റ്റീഫന്‍മാത്യും പറഞ്ഞു.
ലോകത്തിലാദ്യമായി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യയാണെന്നും അത് ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി എന്‍ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സോന മോഡറേറ്ററായിരുന്നു.
കെ എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. മംഗലശ്ശേരി മാധവന്‍മാസ്റ്റര്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, വി കെ ശ്രീധരന്‍, എ ദേവകി തുടങ്ങിയവര്‍ സംസാരിച്ചു.