ഡല്‍ഹിയില്‍ എ എ പി സര്‍ക്കാര്‍: കെജ്‌രിവാള്‍ നയിക്കും

Posted on: December 23, 2013 11:28 am | Last updated: December 24, 2013 at 10:34 am

aap, kejriwal and broom

ന്യൂഡല്‍ഹി: രണ്ടാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി (എ എ പി) സര്‍ക്കാര്‍ രൂപവത്കരിക്കുന്നു. സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ കണ്ട് കത്ത് നല്‍കി. ഡിസംബര്‍ നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ബി ജെ പി ക്ഷണം നിരസിച്ചതോടെയാണ് എ എ പിക്ക് സാധ്യത തെളിഞ്ഞത്.

എ എ പിയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി (പി എ സി) ഇന്നലെ രാവിലെ യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപവത്കരണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കണമോയെന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ എ എ പി ഹിതപരിശോധന നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് പി എ സി യോഗം ചേര്‍ന്നത്.
തിരഞ്ഞെടുപ്പില്‍ എ എ പിയുടെ മുഖമായിരുന്ന പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മന്ത്രിസഭയില്‍ അംഗമാകും. അഴിമതി തുടച്ചുനീക്കുന്നതിനായി ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെയുടെ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. ഇതാദ്യമായാണ് ഡല്‍ഹിയില്‍ ന്യൂനപക്ഷമായ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നിയമസഭയില്‍ വിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും എന്ത് സംഭവിക്കുമെന്ന് അതിന് ശേഷം അറിയാമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയവും തീയതിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തീരുമാനിക്കും. സര്‍ക്കാറുണ്ടാക്കാന്‍ എ എ പി അവകാശവാദമുന്നയിച്ച് നല്‍കിയ കത്ത് രാഷ്ട്രപതിക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ കൈമാറി. സത്യപ്രതിജ്ഞ 26ന് ഉണ്ടാകുമെന്നാണ് സൂചന. ഗാസിയാബാദിലെ എ എ പിയുടെ ഓഫീസില്‍ ചേര്‍ന്ന പി എ സി യോഗം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. സര്‍ക്കാറുണ്ടാക്കണമെന്ന യോഗ തീരുമാനം അരവിന്ദ് കെജ്‌രിവാളാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
പൊതുസമ്മേളനങ്ങള്‍ക്ക് പുറമെ വെബ്‌സൈറ്റ്, ഫോണ്‍, എസ് എം എസ് തുടങ്ങിയവ വഴി നിരവധി പ്രതികരണങ്ങളാണ് സര്‍ക്കാര്‍ രൂപവത്കരണവുമായി ലഭിച്ചതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി 280 പൊതുസമ്മേളനങ്ങളാണ് എ എ പി സംഘടിപ്പിച്ചത്. ഇതില്‍ 257 സമ്മേളനങ്ങളും സര്‍ക്കാര്‍ രൂപവത്കരണവുമായി മുന്നോട്ടു പോകണമെന്നാണ് നിര്‍ദേശിച്ചതെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു.