പെഡ്രോക്ക് ഹാട്രിക്ക്; ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

Posted on: December 23, 2013 7:30 am | Last updated: December 23, 2013 at 8:04 am

barca

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണക്ക് ഗെറ്റാഫെക്കെതിരെ രണ്ടിനെതിരെ അഞ്ച് ഗോളിന്റെ തകര്‍പ്പന്‍ ജയം. ഹാട്രിക്ക് നേടിയ പെഡ്രോയാണ് ബാഴ്‌സയുടെ ജയത്തിന് തിളക്കം കൂട്ടിയത്. മറ്റു രണ്ടു ഗോളുകള്‍ നേടിയത് സെസ്‌ക് ഫാബ്രിഗാസാണ്. ഗെറ്റാഫെയുടെ ഗോളുകള്‍ നേടിയത് സെര്‍ജിയോ എസ്‌ക്യൂഡെറോ, ലിസാന്‍ഡ്രോ ലോപസ് എന്നിവരാണ്.

മെസി, സാവി, നെയ്മര്‍ എന്നിവരില്ലാതെ ഇറങ്ങിയ ബാഴ്‌സ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഉജ്ജ്വലമായി ജയിച്ചുകയറിയത്. ആദ്യ 15 മിനുട്ടിനള്ളില്‍ തന്നെ ഗെറ്റാഫെയുടെ രണ്ട് ഗോളും പിറന്നിരുന്നു. എന്നാല്‍ രണ്ടു ഗോളുകള്‍ സ്വന്തം വലയില്‍ വീണതിന് ശേഷം ബാഴ്‌സ ഉണര്‍ന്നുകളിക്കുകയായിരുന്നു. 34, 41, 43 മിനുട്ടുകളിലാണ് പെഡ്രോ ഗോളുകള്‍ നേടിയത്. 68, 72 (പെനാല്‍റ്റി) മിനുട്ടുകളിലായിരുന്നു ഫാബ്രിഗാസ് സ്‌കോര്‍ ചെയ്തത്.

ഇതോടെ ലീഗിലെ പട്ടികയില്‍ ബാഴ്‌സലോണക്ക് അത്‌ലറ്റികോ മാഡ്രിഡിന് മുകളില്‍ സ്ഥാനം ലഭിച്ചു. ഇരു ടീമിനും 17 കളികളില്‍ നിന്ന് 46 പോയിന്റാണ് ഉള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരി ബാഴ്‌സക്ക് തുണയായി.