മോഡിയുടെ കൂട്ടയോട്ടത്തിന് പോവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ പിഴ

Posted on: December 22, 2013 7:10 pm | Last updated: December 22, 2013 at 7:10 pm

modiഅഹമ്മദാബാദ്: നരേന്ദ്ര മോഡിയുടെ റണ്‍ ഫോര്‍ യൂനിറ്റി ക്യാപയിനില്‍ പങ്കെടുക്കാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ. ഗുജറാത്തിലെ ജാം നഗര്‍ ജില്ലയിലെ ബന്‍വാഡിയിലുള്ള കൊമേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൂട്ടയോട്ടത്തില്‍ പങ്കെടുക്കാത്തതിന് പിഴ ചുമത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്.

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മാണത്തിനുള്ള വിഭവ സമാഹരണത്തിനായി ഡിസംബര്‍ 15നായിരുന്നു രാജ്യവ്യാപകമായി മോഡിയുടെ ആഹ്വാനപ്രകാരം കൂട്ടയോട്ടം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് പിഴയടപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറി.