Connect with us

Wayanad

കൂടുതല്‍ തുക ചെലവഴിച്ചത് പൂതാടി ഗ്രാമ പഞ്ചായത്ത്‌

Published

|

Last Updated

കല്‍പറ്റ: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 23ലക്ഷം തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.വി. ജോയി അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനായുള്ള ജില്ലാതല വിജിലന്‍സ് & മോണിറ്ററിംഗ് കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 43 കോടി 16 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി 45 ലക്ഷം രൂപയും വിനിയോഗിച്ചത് തൊഴിലാളികള്‍ക്ക് വേതനം നല്‍കാനാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് പൂതാടി ഗ്രാമപഞ്ചായത്താണ് 4 കോടി 4 ലക്ഷം രൂപ. മീനങ്ങാടി പഞ്ചായത്തിനാണ് രണ്ടാംസ്ഥാനം.
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 46 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. ഒരു കോടി 60 ലക്ഷം രൂപ പദ്ധതിക്ക് ആകെ ലഭ്യമായിട്ടുണ്ട്. ഇന്ദിര ആവാസ് യോജന പദ്ധതിക്ക് കീഴില്‍ 994 വീടുകളുടെ എഗ്രിമെന്റ് വെച്ചതായും പ്രവൃത്തികള്‍ പുരോഗമിച്ച് വരുന്നതായും ജില്ലാ ദാരിദ്ര്യലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. 194 ലക്ഷം രൂപ ഈയിനത്തില്‍ ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.
പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ഘട്ടം 7ല്‍ ഉള്‍പ്പെട്ട 4 റോഡുകളില്‍ ഒന്നിന്റെ പ്രവൃത്തി ആരംഭിച്ചതായും മറ്റ് മൂന്ന് റോഡുകളുടെ പ്രവര്‍ത്തി പ്രാരംഭഘട്ടത്തിലാണെന്നും എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ഗ്രാമീണ മേഖലകളിലെ വൈദ്യുതീകരണത്തിനായുള്ള രാജീവ്ഗാന്ധി ഗ്രാമീണ വിദ്യുത് യോജന പദ്ധതിയില്‍ ഈ വര്‍ഷം 101.5 കി.മീറ്റര്‍ 11 കെവി ലൈനും 37 കി.മീറ്റര്‍ ത്രീഫേസ് ലൈനും 169 കി.മീറ്റര്‍ സിംഗിള്‍ഫേസ് ലൈനും പൂര്‍ത്തിയാക്കിയതായി വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴക്കാലത്ത് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ തകര്‍ന്നുവീണ വൈദ്യുതികമ്പി പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് കരാറുകാരന് അടിയന്തിരമായി നിര്‍ദ്ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന എം.എസ്.ഡി.പി. പദ്ധതിയില്‍ വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ വിവിധ പദ്ധതികള്‍ക്ക് 30 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ഇതില്‍ കേന്ദ്ര വിഹിതം 22.5 കോടിയും സംസ്ഥാന വിഹിതം 7.5 കോടി രൂപയുമായിരിക്കും.സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി വികസനത്തിന് പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
എം.ഐ.ഷാനവാസ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 450 പദ്ധതികളുടെ പ്രവൃത്തികള്‍ക്ക് 19 കോടി 25 ലക്ഷം രൂപ അനുവദിക്കുന്നതിന് അംഗീകാരം നല്‍കി. ഇതില്‍ 359 പദ്ധതികള്‍ പൂര്‍ത്തിയായതായും 14 കോടി 11 ലക്ഷം രൂപ ചെലവഴിച്ചതായും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പ്രാക്തന ഗോത്ര വര്‍ഗ്ഗങ്ങലുടെ അടിസ്താന സൗകര്യ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പി.വി.ടി.ജിയുടെ പ്രവര്‍ത്തനം വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അവലോകനം ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. അനില്‍കുമാര്‍, സി. അബ്ദുള്‍അഷ്‌റഫ്, വത്സചാക്കോ, ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുള്‍സമദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദാരിദ്ര്യലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടര്‍ പി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.

Latest