ലണ്ടന്‍: സുവാറസ് ഫോം തുടരുന്നു; 3 ഗോള്‍ വിജയവുമായി ലിവര്‍പൂള്‍ ഒന്നാമത്

Posted on: December 22, 2013 9:36 am | Last updated: December 22, 2013 at 9:36 am

Liverpool's Luis Suarez scores the first goal against Cardiff City in the Premier League at Anfield

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ കാര്‍ഡിഫ് സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചു. ഇതോടെ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തി. ഉജ്ജ്വല ഫോം തുടരുന്ന ഉറുഗ്വെന്‍ താരം ലൂയി സുവാറസിന്റെ ഇരട്ടഗോളാണ് ലിവര്‍പൂളിന്റെ വിജയമാധുര്യം കൂട്ടിയത്. ലിവര്‍പൂളിന്റെ മറ്റൊരു ഗോള്‍ നേടിയത് റഹീം സ്‌റ്റെര്‍ലിംഗാണ്. 25, 45 മിനുട്ടുകളിലാണ് സുവാറസ് ഗോള്‍ നേടിയത്. കഴിഞ്ഞദിവസം സുവാറസുമായുള്ള കരാര്‍ ലിവര്‍പൂള്‍ നീട്ടിയിരുന്നു. ഇതിനുശേഷമുള്ള ലിവര്‍പൂളിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. 2018 വരെയാണ് സുവാറസിന്റെ പുതിയ കരാര്‍.

ലീഗില്‍ തലപ്പത്തുള്ള ലിവര്‍പൂളിന് 17 കളികളില്‍ നിന്ന് 36 പോയിന്റാണുള്ളത്. 17 കളികളില്‍ നിന്ന് 35 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. ലീഗില്‍ ഒന്നാംസ്ഥാത്തായിരുന്ന ആഴ്‌സണല്‍ 16 കളികളില്‍ നിന്ന് 35 പോയിന്റുമായി മൂന്നാമതാണ്.

19 ഗോളുകളുമായി സുവാറസാണ് ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍. 13 ഗോളടിച്ച് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ ഏറെ പിന്നിലാണ്.