Connect with us

Sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക് ഒന്നാം ടെസ്റ്റ്: ബൗളര്‍മാര്‍ മിന്നിയാല്‍ ഇന്ത്യക്ക് നേടാം

Published

|

Last Updated

ജൊഹന്നസ്ബര്‍ഗ്: ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ആര്‍ക്കും ജയിക്കാം. സമനിലയാകാനുള്ള സാധ്യതയും മുന്നില്‍. 320 റണ്‍സ് മതി ആതിഥേയര്‍ക്ക് ടെസ്റ്റ് ജയിക്കാന്‍. സന്ദര്‍ശകരായ ഇന്ത്യക്ക് എട്ട് വിക്കറ്റും.
ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ഇന്ത്യ 458 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 138 എന്ന നിലയിലാണ് ആതിഥേയര്‍. ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ ചേസിംഗ് ദുഷ്‌കരമെന്നിരിക്കെ ദക്ഷിണാഫ്രിക്ക സമനിലക്കാകും ശ്രമിക്കുക. ഇന്ത്യക്കാകട്ടെ, ജയം എട്ട് വിക്കറ്റ് അകലത്തിലും. അല്‍വിരോ പീറ്റേഴ്‌സണ്‍ (76), ഡു പ്ലെസിസ് (10) എന്നിവരാണ് ക്രീസിലുള്ളത്. ക്യാപ്റ്റന്‍ ഗ്രെയിം സ്മിത് (44) റണ്ണൗട്ടായപ്പോള്‍ ഹാഷിം അംലയെ (4) മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ ചെയ്തു.
ഒരു ദിവസം മാത്രം ശേഷിക്കെ, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ്. ഒന്നാമിന്നിംഗ്‌സിലെ മികച്ച ബൗളിംഗ് പ്രകടനം രണ്ടാമിന്നിംഗ്‌സിലും ആവര്‍ത്തിക്കാനായാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ വേഗമേറിയ പിച്ചില്‍ സ്വപ്‌നതുല്ല്യമായ ജയം സ്വന്തമാക്കാനാവും ധോണിക്കും കൂട്ടര്‍ക്കും.
രണ്ടിന് 284 റണ്‍സ് എന്ന സ്‌കോറില്‍ നാലാം ദിവസം കളിയാരംഭിച്ച ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ എളുപ്പം ശേഷിക്കുന്ന വിക്കറ്റുകള്‍ കളഞ്ഞ് 421 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു.
മികവുറ്റ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര (153), നാലാം നമ്പറില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരാനാവാനുള്ള അവസരം നാലു റണ്‍ അകലെ വച്ച് നഷ്ടപ്പെട്ട വിരാട് കോഹ്‌ലി (96), രോഹിത് ശര്‍മ (6), അജിങ്ക്യ രാഹാനെ (15), ക്യാപ്റ്റന്‍ ധോനി (29), അശ്വിന്‍ (7), ഇഷാന്ത് ശര്‍മ (4), മുഹമ്മദ് ഷമി (4) എന്നിവരാണ് ഇന്നലെ പുറത്തായത്. സഹീര്‍ ഖാന്‍ 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രണ്ട് സിക്‌സറുകള്‍ പറത്തി സഹീര്‍ ആഞ്ഞടിച്ചു. ഫിലാണ്ടറും കാലിസും മൂന്ന് വിക്കറ്റ് വീതവും ഡൂംനിയും താഹിറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
തലേദിവസത്തെ ഫോം ആവര്‍ത്തിക്കാന്‍ വിഷമിച്ച പൂജാര കാലിസ് എറിഞ്ഞ ആദ്യ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ കീപ്പറുടെ കൈയില്‍ അവസാനിക്കുകയായിരുന്നു. തലേദിവസത്തേ സ്‌കോറിനേക്കാള്‍ 18 റണ്‍സ് കൂടി മാത്രമേ പൂജാരയ്ക്ക് ചേര്‍ക്കാനായുള്ളൂ. 353 മിനിറ്റ് നീണ്ടുനിന്ന ആ ഉജ്വല ഇന്നിംഗ്‌സില്‍ 270 പന്തില്‍ നിന്ന് 21 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പൂജാര 153 റണ്‍സെടുത്തത്.
പിന്നീടെത്തിയ രോഹിത് ശര്‍മ നിസാരമായി വിക്കറ്റ് കളഞ്ഞു മടങ്ങുകയായിരുന്നു. കാലിസിന്റെ റിവേഴ്‌സ് സ്വിംഗ് പ്രതിരോധിക്കാന്‍ ശ്രമിച്ച രോഹിതിന്റെ കുറ്റി തെറിക്കുകയായിരുന്നു.
തൊട്ടടുത്ത ഓവറില്‍ കോഹ്‌ലി കൂടി മടങ്ങി. ഡൂംനിയുടെ ഒരു വൈഡ് ഷോട്ട് ബോള്‍ അധിക ബൗണ്‍സില്‍ കോഹ്‌ലിയുടെ ബാറ്റിലുരസി ഡി വില്ല്യേഴ്‌സിന്റെ ഗ്ലൗസിലൊതുങ്ങുകയായിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ 327 ല്‍ നില്‍ക്കുമ്പോഴാണ് കോഹ്‌ലി വീണത്. 254 മിനിറ്റ് നിന്ന് 193 പന്തില്‍ നിന്നാണ് കോലി 96 റണ്‍സെടുത്തത്.
സഹീര്‍ 300 വിക്കറ്റിനരികെ
ജോഹന്നസ്ബര്‍ഗ്: ടെസ്റ്റില്‍ മുന്നൂറ് വിക്കറ്റ് എന്ന സ്വപ്‌ന നേട്ടത്തിലേക്ക് സഹീര്‍ഖാന് ഒരു വിക്കറ്റിന്റെ അകലം മാത്രം. കപില്‍ദേവിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാകും സഹീര്‍. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സില്‍ 88 റണ്‍സിന് നാല് വിക്കറ്റെടുത്തതോടെയാണ് സഹീര്‍ഖാന്‍ 299ലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്, ഡു പ്ലെസിസ്, ഫിലാന്‍ഡര്‍, മോര്‍നി മോര്‍ക്കല്‍ എന്നിവരുടെ വിക്കറ്റുകളാണ് സഹീര്‍ വീഴ്ത്തിയത്. ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയ സഹീര്‍ തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് പന്തെറിയുന്നത്. സഹീര്‍ താളം കണ്ടെത്തിയത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് രവി ശാസ്ത്രി നിരീക്ഷിക്കുന്നു. പരുക്കില്‍ നിന്ന് ഒരു പേസ് ബൗളര്‍ക്ക് തിരിച്ചുവരിക എളുപ്പമുള്ള കാര്യമല്ല. ശരിക്കും കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് സഹീറിന് ഫോം വീണ്ടെടുക്കാന്‍ സാധിച്ചത് – മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളോക്ക് പറഞ്ഞു.
അതേ സമയം സഹീര്‍ഖാന്‍ ലോകോത്തര പേസറാകാനുള്ള ഉദ്യമത്തില്‍ നിന്ന് സ്വയം പിറകോട്ട് പോയ താരമാണെന്ന് ഫാനി ഡിവില്ലേഴ്‌സ് പറഞ്ഞു. 1999ല്‍ കെനിയക്കെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സഹീറിന്റെ ബൗളിംഗ് വേഗത 140ന് മുകളിലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് ക്രമേണ താഴ്ന്നുവന്നു. ഫോം നിലനിര്‍ത്താന്‍ വേഗത ത്യജിക്കാന്‍ സഹീര്‍ തയ്യാറാകരുതായിരുന്നു. നാനൂറ് ടെസ്റ്റു വിക്കറ്റുകള്‍ നേടേണ്ട സ്ഥാനത്ത് അദ്ദേഹം മുന്നൂറിനടുത്തെത്തി നില്‍ക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സഹീര്‍ ഏഴ് വിക്കറ്റ് നേടുന്നത് കാണാനാണ് ആഗ്രഹിച്ചത്. നേടിയത് നാല് വിക്കറ്റ് മാത്രം. പക്ഷേ, സഹീര്‍ ഈ പ്രകടനത്തില്‍ സന്തുഷ്ടനാണ്, ഇന്ത്യന്‍ ടീമും – ഫാനി ഡിവില്ലേഴ്‌സ് പറഞ്ഞു.
സഹീര്‍ഖാന്റെ തിരിച്ചുവരവാണ് തനിക്ക് ബൗളിംഗ് ഫോം വീണ്ടെടുക്കാന്‍ സഹായകമായതെന്ന് ഇഷാന്ത് ശര്‍മ. മുഹമ്മദ് ഷമിയും താനും ചെറുപ്പമാണ്. സഹീറിന്റെ പരിചയ സമ്പത്താണ് ഞങ്ങളെ നയിച്ചത്. മുമ്പത്തെക്കാളും മികവുറ്റ രീതിയിലാണ് സഹീര്‍ പന്തെറിഞ്ഞത്. ഇത് തനിക്കും ആവേശം പകര്‍ന്നു.
സ്പിന്നര്‍മാരെ കേന്ദ്രീകരിച്ച് ടെസ്റ്റിന് തയ്യാറാകുന്ന ഇന്ത്യന്‍ ടീം മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയത് തന്നെ പ്രചോദനമാണ്.
പിച്ചില്‍ വിള്ളല്‍ വീഴുന്നതോടെ നാലാം ഇന്നിംഗ്‌സില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കും. ടെസ്റ്റ് വിജയിക്കാനുള്ള സാധ്യത ഇന്ത്യക്ക് മുന്നിലുണ്ട്- ഇഷാന്ത് ശര്‍മ പറഞ്ഞു.

---- facebook comment plugin here -----

Latest