ദക്ഷിണ സുഡാനില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അമേരിക്കന്‍ വിമാനങ്ങള്‍ കത്തിച്ചു

Posted on: December 21, 2013 11:50 pm | Last updated: December 21, 2013 at 11:50 pm

sudan issueജൂബ: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ അഭയാര്‍ഥികളെ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന യു എസ് വിമാനങ്ങള്‍ കത്തിച്ചു. രണ്ട് വിമാനങ്ങളാണ് കത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഗാണ്ടയില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്.
അഭയാര്‍ഥികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടെങ്കിലും അമേരിക്കയുടെ സ്ഥിരീകരണം വന്നിട്ടില്ല. വിമാനങ്ങള്‍ അഭയാര്‍ഥികളെ ഇറക്കാന്‍ ക്യാമ്പിന് സമീപത്തെ വ്യോമത്താവളത്തില്‍ ഇറക്കിയപ്പോഴാണ് വിമതര്‍ തീവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ദക്ഷിണ സുഡാനില്‍ പ്രശ്‌ന പരിഹാരത്തിന് യു എന്‍ ശ്രമവും ശക്തമാണ്. യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിനിധികള്‍ ദക്ഷിണ സുഡാനിലെത്തും. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നിര്‍ദേശിച്ചു. എണ്ണസമ്പന്ന നഗരത്തിന്റെ നിയന്ത്രണത്തിന് വേണ്ടി നടക്കുന്ന പോരാട്ടത്തെ യു എസ് പ്രസിഡന്റ് ബരാക് ഒബാമയും വിമര്‍ശിച്ചു.
ഏറ്റവും പുതിയ രാജ്യമായ ദക്ഷിണ സുഡാനിലെ കലാപം രാജ്യത്തിന് ആശ്വാസ്യകരമല്ലെന്ന് യു എസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ദക്ഷിണ സുഡാനിനെ ഇരുണ്ട യുഗത്തിലേക്ക് തിരികെ അയക്കുന്നതാണ് ഇപ്പോഴത്തെ സംഘര്‍ഷമെന്നും ഒബാമ പറഞ്ഞു.
2011 ജൂലൈയിലാണ് ദക്ഷിണ സുഡാന്‍ സ്വതന്ത്ര രാജ്യമായത്. ആ രാജ്യത്തിന്റെ ഭാവി വളരെ വിഷമം പിടിച്ചതാകുമെന്നും ഒബാമ ഓര്‍മിപ്പിച്ചു.
1983 മുതല്‍ 2005 വരെ സുഡാനില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ രണ്ട് ദശലക്ഷം പേരാണ് മരിച്ചത്. ദക്ഷിണ സുഡാന് സ്വതന്ത്ര്യം വേണമെന്ന ആവശ്യമായിരുന്നു യുദ്ധത്തിലേക്ക് നയിച്ചത്. കയ്പുള്ള അധികാരത്തെ ചൊല്ലിയാണ് പിന്നീട് ദക്ഷിണ സുഡാനില്‍ കലാപക്കൊടി ഉയര്‍ന്നത്. മുന്‍ വൈസ് പ്രസിഡന്റ് മച്ചറിന്റെ നേതൃത്വത്തിലാണ് വിമതര്‍ വിവിധ നഗരങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതെന്ന് സര്‍ക്കാര്‍ പറയുന്നു.
ഇക്കാര്യം മച്ചര്‍ നിഷേധിച്ചെങ്കിലും ഇരു സമുദായങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനാണ് ഇരു പക്ഷവും ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 500 ലേറെ പേരാണ് കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 34,000 ത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. ഇവരെ യു എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സംരക്ഷിക്കുന്നത്.
ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ യു എസും, ബ്രിട്ടനും യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയ ശേഷമാണ് വിമാനങ്ങളുപയോഗിച്ച് അഭയാര്‍ഥികളെ രക്ഷപ്പെടുത്തുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ജൂബ വിമാനത്താവളത്തിലെത്തിച്ചു. സംഭവത്തില്‍ യു എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ നവി പിള്ള നടുക്കം പ്രകടിപ്പിച്ചു. സന്നദ്ധ സേനക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ നീതികരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.