എണ്ണക്കമ്പനികള്‍ 1.60 കോടി അനുവദിച്ചു; ഭവനിക നിര്‍മാണോദ്ഘാടനം വീരപ്പമൊയ്‌ലി നിര്‍വഹിക്കും

Posted on: December 21, 2013 9:24 pm | Last updated: December 21, 2013 at 9:24 pm

കാസര്‍കോട്: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണ നിലനിര്‍ത്താനായി കേന്ദ്ര സര്‍ക്കാരിന്റേയും കേരള-കര്‍ണ്ണാടക സര്‍ക്കാരുകളുടേയും സംയുക്ത സംരംഭമായി നടപ്പാക്കുന്ന ഗിളിവിണ്ടു പദ്ധതിയുടെ ഭാഗമായ ഭവനിക ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനവും കവിയുടെ വീടിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനവും നാളെ കേന്ദ്ര-പെട്രോളിയം പ്രകൃതി വാതക മന്ത്രി ഡോ. എം വീരപ്പമൊയ്‌ലി നിര്‍വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പദ്ധതിക്കായി കര്‍ണാടക സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ അമ്പതു ലക്ഷം രൂപ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 1.25 കോടി രൂപയും ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ 35 ലക്ഷം രൂപയും വാഗ്ദാനം നല്‍കിയിട്ടുണ്ട്. ജീര്‍ണാവസ്ഥയിലുള്ള കവിയുടെ വീട് പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 30 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
ഗിളിവിണ്ടു പദ്ധതിയുടെ ഭാഗമായി ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ഒരു ദേശീയതല കലാസാഹിത്യ സാംസ്‌കാരിക ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പഠന ഗവേഷണങ്ങള്‍ക്കും സെമിനാറുകള്‍ നടത്താനും നൃത്തം, നാടകം, യക്ഷഗാനം തുടങ്ങിയവ അവതരിപ്പിക്കാനും കലാപ്രദര്‍ശനം സംഘടിപ്പിക്കാനും സ്മാരക ഭവനത്തില്‍ സൗകര്യമൊരുക്കും. കൂടാതെ ഇന്‍ഫര്‍മേഷന്‍ ഫെസിലിറ്റി സെന്റര്‍, ആധുനിക ലൈബ്രററി, ഗസ്റ്റ് ഹൗസുകള്‍ എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഇതിനകം തന്നെ 25 ലക്ഷം രൂപ ചെലവില്‍ വൈശാഖി, സാകേത എന്നീ രണ്ട് ഗസ്റ്റ് ഹൗസുകള്‍ നിര്‍മിച്ചു കഴിഞ്ഞു.
ചടങ്ങില്‍ പി കരുണാകരന്‍ എം പി അധ്യക്ഷത വഹിക്കും. ഭാരത് പെട്രോളിയം എം ഡി എസ് വരദരാജന്‍ ഭവനിക പദ്ധതിയുടെയും, ഒ എന്‍ ജി സി. എം ഡി സുധീര്‍ വാസുദേവ് ഗോവിന്ദപൈ ഭവന നവീകരണ പദ്ധതിയുടെയും ശിലാഫലകം അനാച്ഛാദനം ചെയ്യും. സംസ്ഥാന സാംസ്‌കാരിക ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, കര്‍ണ്ണാടക വനം പരിസ്ഥിതി മന്ത്രി ബി രമാനാഥ റൈ, കന്നഡ ആന്റ് കള്‍ച്ചറല്‍ മന്ത്രി ഉമാശ്രീ മുഖ്യാതിഥികളായിരിക്കും.
പത്രസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍, ഗോവിന്ദപൈ സ്മരാക ട്രസ്റ്റ് ട്രഷറര്‍ ബി വി കക്കില്ലായ സംബന്ധിച്ചു.