Connect with us

Gulf

സോഷ്യല്‍ മീഡിയ ആക്ടിവിസങ്ങളില്‍ കരുതല്‍ വേണം: അബ്ദുല്‍ അസീസ് സഖാഫി

Published

|

Last Updated

മസ്‌കത്ത്: സോഷ്യല്‍ മീഡിയ ആക്ടവിസം സജീവമായ കാലത്ത് അവിടെ നടക്കുന്ന ചീത്ത സംസ്‌കാരങ്ങള്‍ക്കെതിരെ സമൂഹം കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമിതി ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. നന്മകളുണ്ടെങ്കിലും തിന്മകളുടെ കൂമ്പാരങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രവഹിക്കുന്നു. “ആം ആദ്മി” കാലത്ത് വ്യവസ്ഥാപിത ആശയങ്ങളോടുള്ള വിയോജിപ്പുകള്‍ക്ക് സംഘടിത രൂപം പ്രാപിക്കുന്നത് സോഷ്യല്‍ മീഡികളിലാണ്. ഔചിത്യ ബോധമില്ലാതെയും സാങ്കേതിക കുരുക്കുകള്‍ അറിയാതെയും അഴുക്കുകളുടെ പ്രചാരകരാകാനും വാഹകരാകാനും കാരണമാകുന്നുണ്ടെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. മസ്‌കത്തിലെത്തിയ അദ്ദേഹം സിറാജിനോട് സംസാരിച്ചു.
മതപരവും സാമുദായികവും സംഘടനാപരവുമായ പോസ്റ്റുകളും കമന്‍ഡുകളും ധാരാളമായി ഫെയ്‌സ്ബുക്ക് ഉള്‍പെടെയുള്ള ന്യൂ മീഡിയികളില്‍ പ്രചരിക്കുന്നു. വസ്തുതാന്വേഷണങ്ങളുടെ അടിസ്ഥാനമുള്ളവയല്ല പലതും. കാണുന്ന പോസ്റ്ററുകളും പ്രഭാഷണങ്ങളും ആശയങ്ങളുമെല്ലാം “ഷെയര്‍” ചെയ്യുന്നതില്‍നിന്ന് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണം. സംഘടനാ സന്ദേശങ്ങള്‍ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും വെബ്‌സൈറ്റുകളിലും വരുന്നവയാണ്. ചില പ്രാദേശിക സന്ദര്‍ഭങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളും പ്രചരിപ്പിക്കേണ്ടവയല്ല. സംഘടനാ നിലപാടുകള്‍ സംഘടനാ വക്താക്കളാണ് വിശദീകരിക്കുക. സംഘടനയുമായി ബന്ധപ്പെട്ട സ്വന്തം അഭിപ്രായങ്ങള്‍ പൊതുമധ്യത്തില്‍ പോസ്റ്റു ചെയ്യുന്നതും അച്ചടക്കവിരുദ്ധമാണ്. പ്രവര്‍ത്തകര്‍ സംഘടനാ കമ്മിറ്റികളിലാണ് അഭിപ്രായം പറയേണ്ടത്. ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ നിലവില്‍ സംഘടനാ നിയന്ത്രണത്തിലുള്ളവയല്ല. അതുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍ അവിടെ സമയം ചെലവിടരുത്. ക്ലാസ്‌റൂം നടത്തിപ്പുകാരുടെ പ്രസ്താവനകള്‍ക്ക് യൊതൊരു ആധികാരികതയുമില്ല.
ഗള്‍ഫിലെ പ്രവാസി സമൂഹത്തില്‍ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക ഉണര്‍വിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈയടുത്ത് ദുബൈയില്‍ നടന്ന ഐ സി എഫ് മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് രൂപം നല്‍കിയതായി അദ്ദേഹം അറിയിച്ചു. കാരുണ്യ സേവന രംഗത്ത് വിവിധ ഗള്‍ഫ് നാടുകളിലെ ഐ സി എഫ് കമ്മിറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സംഘടനയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ പ്രധാന സംരംഭമായി തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിനു സമീപത്ത് ബഹുമുഖ സൗകര്യങ്ങളോടെ സാന്ത്വനം കേന്ദ്രം സ്ഥാപിക്കും. എല്ലാ ജില്ലകളിലും സാന്ത്വനം പദ്ധതികള്‍ നടപ്പിലാക്കും. ഐ സി എഫ് സാന്ത്വനം സേവനങ്ങളുടെ പ്രധാന ശ്രദ്ധ ഗള്‍ഫ് നാടുകളിലായിരിക്കും. യൂണിറ്റുകളില്‍ ഒരു മാസത്തില്‍ ഒരു സാന്ത്വന പ്രവര്‍ത്തനം നടത്തിയിരിക്കണമെന്നാണ് നിര്‍ദേശം.
തങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ടയില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനും സര്‍ക്കാറുകളുടെയും നയതന്ത്ര കാര്യാലയങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനുമുള്ള സാമൂഹിക ഇടപെടലുകള്‍ ഐ സി എഫ് നടത്തും. ഈ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ധൂര്‍ത്ത്, പലിശ പോലുള്ള തെറ്റായ സാമ്പത്തിക ഇടപാടുകള്‍, മയക്കു മരുന്ന് ഉപയോഗം, മൂല്യരഹിതമായ ജീവിത സംസ്‌കാരം തുടങ്ങിയ സാഹചര്യങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്‍ത്തുന്നതിനുള്ള നിരന്തര കാമ്പയിനുകള്‍ സംഘടിപ്പിക്കും. വിശ്വാസികള്‍ക്ക് മതത്തിന്റെ സാംസ്‌കാരിക, ആത്മീയ മണ്ഡലത്തില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്നതിന് സ്ഥിരം വേദികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Latest