ജനറല്‍ ആശുപത്രി സാമൂഹിക വിരുദ്ധര്‍ കൈയടക്കി

Posted on: December 21, 2013 8:10 am | Last updated: December 21, 2013 at 8:10 am

തലശ്ശേരി: ജനറല്‍ ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധ സംഘം കൈയടക്കിയതായി പരാതി. മദ്യപര്‍, മയക്കുമരുന്ന് ഇടപാടുകാര്‍, അനാശാസ്യത്തിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരുടെ വിളയാട്ടമാണിവിടെ. നേരത്തെ കടപ്പുറം, മൂപ്പന്‍സ് റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ ഇടത്താവളങ്ങളാക്കി വിഹരിച്ചിരുന്നവര്‍ ഇപ്പോള്‍ ആശുപത്രി കോമ്പൗണ്ടിലേക്കും കടന്നിരിക്കുകയാണ്. ചില സെക്യൂരിറ്റിക്കാരുടെ ഒത്താശയോടെയാണ് ലഹരി വില്‍പനക്കാര്‍ വാര്‍ഡുകളുടെ ഇടനാഴിയില്‍ വെച്ച് ആവശ്യക്കാര്‍ക്ക് കഞ്ചാവും മറ്റ് മയക്ക് മരുന്നുകളും കൈമാറുന്നത്. മദ്യവും ഒഴിച്ചു നല്‍കാനുള്ള ഡിസ്‌പോസിബിള്‍ ഗ്ലാസും സഞ്ചിയിലാക്കി ഇടപാടുകാരെ തേടിയെത്തുന്ന ഒരു യുവാവും ഇവിടുത്തെ പതിവ് കാഴ്ചയാണ്.
പോലീസും എക്‌സൈസും തമ്മിലുള്ള ശീതസമരം ഇത്തരക്കാര്‍ക്ക് ഏറെ അനുഗ്രഹമായിട്ടുണ്ട്. പരസ്പരം കുറ്റപ്പെടുത്തുന്ന രണ്ട് വിഭാഗവും ലഹരി വസ്തുക്കള്‍ വില്‍പനക്കെത്തിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനറല്‍ ആശുപത്രിയില്‍ സുരക്ഷയൊരുക്കാനായി സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഈ ഔട്ട്‌പോസ്റ്റ് എ ടി എമ്മാക്കി മാറ്റാനുള്ള നടപടികള്‍ ഒരു പൊതുമേഖലാ ബാങ്ക് ആരംഭിച്ചിട്ടുമുണ്ട്.