Connect with us

Malappuram

ഒരു ക്ലിക്ക് മതി; ആലപ്പുഴയെ അറിയാം

Published

|

Last Updated

മലപ്പുറം: ആലപ്പുഴയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ചരിത്രപ്രധാന സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുന്നവര്‍ ഇനി ചില ചതുര കള്ളികള്‍ കണ്ടേക്കാം. ഈ ചതുര കള്ളികള്‍ മൊബൈലിലെ ക്യാമറയില്‍ ഒന്നു പകര്‍ത്തിനോക്കൂ. ഉടനെ ഈ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ തെളിയും. ക്യൂ ആര്‍ എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ക്വിക്ക് റെസ്‌പോണ്‍സ് കോഡ് എന്ന സംവിധാനം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് മലയാളം വിക്കിപീഡിയയിലെ പ്രവര്‍ത്തകര്‍. ക്യു ആര്‍ കോഡ് ചതുരക്കള്ളികള്‍ പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ്. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറ്മടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഈ കോഡുകള്‍ക്കാകും. ക്യു ആര്‍ റീഡര്‍ എന്ന അപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ചിത്രമെടുത്ത ഉടന്‍ തന്നെ അതിലുള്ള വിവരങ്ങള്‍ നമ്മുടെ ഫോണിലേക്ക് വരും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ രാജ്യങ്ങളിലുമുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടുന്ന വിക്കിസംഗമോത്സവത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി “വിക്കിപീഡിയ ആലപ്പുഴയെ സ്‌നേഹിക്കുന്നു” എന്നപേരില്‍ പ്രൊഫഷണല്‍ അമച്വര്‍ ഫോട്ടാഗ്രാഫര്‍മാര്‍ക്കായി ഡിസംബര്‍ 15ന് ഫോട്ടോവാക്ക് പരിപാടി സംഘടിപ്പിച്ചിരുന്നു.
നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുന്ന പരിപാടിയാണ് ഫോട്ടോവാക്ക്. ആലപ്പുഴയുടെ ചരിത്രവിനോദസഞ്ചാര പ്രാധാന്യം ക്യാമറക്കണ്ണുകളിലൂടെ സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഇപ്രകാരം പകര്‍ത്തിയ ചിത്രങ്ങള്‍ ഫോട്ടേഗ്രാഫര്‍മാര്‍ക്ക് അവരുടെ പേരില്‍ സ്വതന്ത്ര ചിത്രശേഖരമായ വിക്കി കോമണ്‍സില്‍ ലോകത്തെ മുഴുവന്‍ പേര്‍ക്കും കാണത്തക്കവിധം ആര്‍ക്കൈവ് ചെയ്യാനും സാധിക്കും. ഇതുവഴി ലോകജനതക്ക് ആലപ്പുഴ പട്ടണത്തെ കുറിച്ച് കൂടുതലറിയാന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി ആര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാം. ആലപ്പുഴ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധാനാലയങ്ങള്‍ എന്നിവയുള്‍പ്പെടെ 50 ഓളം വിവരങ്ങളാണ് ക്യൂആര്‍ കോഡിലാക്കുന്നത്. കടല്‍പ്പാലം, ലൈറ്റ് ഹൗസ്, അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്‍ എന്നിവ ഇവയില്‍ ചിലതാണ്. അമേരിക്ക, ജപ്പാന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെ തെരുവു പരസ്യപലകകളില്‍ ഇപ്പോള്‍ ക്യു ആര്‍ കോഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ബ്രിട്ടനില്‍ തെക്കുകിഴക്കന്‍ വെയ്ല്‍സിലെ മാന്‍മത്ത് പട്ടണത്തില്‍ ആയിരത്തോളം ക്യു ആര്‍ കോഡുകള്‍ സ്ഥാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ലോകത്തെ ആദ്യ “വിക്കിപീഡിയ പട്ടണ”മെന്ന പദവി മാന്‍മത്ത് കരസ്ഥമാക്കി. ഇതുപോലെ കേരളത്തിലെ ആദ്യ വിക്കിപീഡിയ പട്ടണമാകും ആലപ്പുഴ.
ഇന്ത്യയില്‍ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ഉത്പന്നത്തിനും ഇവ കൂടുതലായി ഉപയോഗിച്ചുവരുന്നു. എന്നാല്‍ ക്യൂ ആര്‍ കോഡ് സംവിധാനം വഴി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പലകകള്‍ സ്ഥാപിക്കുകയെന്ന ദൗത്യം ആദ്യമായി ലഭിക്കുന്നത് കിഴക്കിന്റെ വെനീസിനായിരിക്കുമെന്ന സവിശേഷതയുമുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം നാളെ ആലപ്പുഴ ലൈറ്റ് ഹൗസിന്റെ ക്യൂആര്‍ കോഡ് മുന്‍ധനകാര്യ മ്ര്രന്തിയും എം എല്‍ എയുമായ ഡോ. തോമസ് ഐസക് നിര്‍വഹിക്കും. വിക്കിപീഡിയയുമായി ബന്ധിപ്പിച്ച് രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം വരുന്നതെന്ന് വിക്കിസംഗമോത്സവം കണ്‍വീനറും സജീവ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകനുമായ ടി കെ സുജിത്ത് പറഞ്ഞു.