അക്ഷയ കേന്ദ്രത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു

Posted on: December 20, 2013 12:03 pm | Last updated: December 20, 2013 at 12:03 pm

മണ്ണാര്‍ക്കാട്:അക്ഷയ കേന്ദ്രത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. മണ്ണാര്‍ക്കാട് ബസ്സ്റ്റാന്റില്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനാണ് അധികൃതരുടെ അനാസ്ഥ മൂലം ഇന്റര്‍നെറ്റ് കണക്ഷന്‍ വൈകുന്നത്.വര്‍ഷങ്ങളായി കോടതിപ്പടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അക്ഷയ ഇ കേന്ദ്രം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റിയത്.——മാറിയയുടനെ തന്നെ ബി എസ് എന്‍ എല്‍ ഓഫീസില്‍ കണക്ഷന്‍ മാറ്റിതരുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതുവരെയായും മാറ്റി നല്‍കിയിട്ടില്ല.——അക്ഷയ കേന്ദ്രം സ്ഥിതിചെയ്യുന്ന ഭാഗത്ത് ആവശ്യമായ കേബിളില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയാണ്.——
ബസ്റ്റാന്റില്‍ പ്രവര്‍ത്തിച്ചുവരുന്ന അക്ഷയ കേന്ദ്രത്തില്‍ ദിവസവും നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നത്.—ബി എസ് എന്‍ എല്‍ ബ്രോഡ് ബാന്റ് കണക്ഷനുണ്ടങ്കിലെ സര്‍ക്കാറിന്റെ വിവിധ സര്‍വ്വീസുകള്‍ യഥാസമയം ചെയ്യാന്‍ സാധിക്കുകയൊളളു.—എന്നാല്‍ നിലവില്‍ സ്വകാര്യ മൊബൈല്‍ നെറ്റുപയോഗിച്ചാണ് ചില സര്‍വ്വീസുകള്‍ നടത്തിവരുന്നത്.—ഇതിനാകട്ടെ ആവശ്യക്കാര്‍ കൂടുതല്‍ സമയം ചിലവയിക്കേണ്ട സ്ഥിതിയാണുളളത്. വില്ലേജ് ഓഫീസുകളിലൂടെയുളള ഇ ഡിസ്ട്രിക് സേവനങ്ങള്‍,മോട്ടോര്‍ വാഹന വകുപ്പിലേക്ക് അപേക്ഷ സമര്‍പ്പിക്കലും വിവിധ ഫീസുകള്‍ അടക്കലും,ഇലക്ട്രിസിറ്റി ബില്‍,ബി എസ് എന്‍ എല്‍ ലാന്റ് ഫോണ്‍,മൊബൈല്‍ ഫോണ്‍ ബില്‍ അടക്കല്‍,പ്രവാസി ക്ഷേമനിധി തുടങ്ങിയ സേവനങ്ങള്‍ അക്ഷയയിലൂടെ പൊതുജനത്തിന് ചെയ്യാവുന്നതാണ്.—കൂടാതെ നിലവില്‍ നടക്കുന്ന വിവിധ ക്ഷേമനിധി പദ്ധതികളുടെ ഡിജിറ്റലൈസേഷനും ഇവിടെ ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്.—വിവിധ സ്വകാര്യ ടെലിഫോണ്‍ കമ്പിനികളുടെ വരവും സേവനങ്ങള്‍ കാര്യക്ഷമമായി ബി എസ് എന്‍ എല്‍ ജീവനക്കാര്‍ നടത്താതതും കാരണം ഒട്ടനവധി ലാന്റ്‌ഫോണ്‍ കണക്ഷനുകള്‍ ഇതിനോടകം തന്നെ ഉപഭോക്താക്കള്‍ ഉപേക്ഷിച്ചിട്ടുണ്ട്.—ഗ്രാമീണ മേഖലകളില്‍ ലാന്റ് ഫോണ്‍ തകരാറിലായാല്‍ ആഴ്ചകളോളം കഴിഞ്ഞാലും ജീവനക്കാര്‍ തിരിഞ്ഞ് നോക്കാറില്ലെന്നും വ്യാപക പരാതിയുണ്ട്.——