സമസ്ത താലൂക്ക് പണ്ഡിത സംഗമത്തിന് അന്തിമരൂപമായി

Posted on: December 20, 2013 11:55 am | Last updated: December 20, 2013 at 11:55 am

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് പണ്ഡിത സംഗമവും ജനറല്‍ ബോഡിയും ജനുവരി ഒന്നിന് രണ്ട് മണിക്ക് കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ നടക്കും.
സമസ്തയുടെ പേരില്‍ സുന്നിപ്രവര്‍ത്തകരെ കൊന്നൊടുക്കി സമാധാനാന്തരീക്ഷം തകര്‍ക്കുകയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമസ്തയുടെ സ്ഥാപിത ലക്ഷ്യവും ധര്‍മവും പുതുതായി മെമ്പര്‍ഷിപ്പെടുത്ത പണ്ഡിതന്മാര്‍ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. സമസ്തയുടെ ആദര്‍ശവും ആനുകാലിക വിഷയങ്ങളും ഉള്‍പ്പെടുത്തി ‘സമസ്തയില്‍ സംഭവിച്ചകൊണ്ടിരിക്കുന്നത്’ എന്ന വിഷയത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്ലാസെടുക്കം. ജില്ലാ ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് അബ്ദുലത്വീഫ് മുസ്‌ലിയാര്‍ അധ്യക്ഷനായിരിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. താലൂക്ക് പരിധിയില്‍ നിന്ന് മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ള മുഴുവന്‍ പണ്ഡിതന്മാരും പ്രതിനിധികളായിരിക്കും.
ഇത് സംബന്ധമായി ചേര്‍ന്ന താലൂക്ക് സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് അബ്ദുലത്വീഫ് മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. എ വി അബ്ദുല്ല മുസ്‌ലിയാര്‍, വെണ്ണക്കോട് ശുക്കൂര്‍ സഖാഫി, ഇസ്മാഈല്‍ സഖാഫി പെരുമണ്ണ, യൂസുഫ് സഅദി പന്നൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പണ്ഡിത സംഗമത്തിലും ജനറല്‍ ബോഡിയിലും മുഴുവന്‍ പണ്ഡിത പ്രതിനിധികളും ആദ്യാവസാനം സംബന്ധിക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.