സ്‌നേഹസ്പര്‍ശം വിപുലീകരിക്കുന്നു

Posted on: December 20, 2013 11:53 am | Last updated: December 20, 2013 at 11:53 am

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുളള കാരുണ്യപദ്ധതിയായ സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ സ്‌കൂളുകള്‍, മുസ്‌ലിം, ക്രിസ്ത്യന്‍ പളളികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചു.
മുസ്‌ലിം പള്ളികളില്‍ നിന്ന് ജനുവരി 31നും ക്രിസ്ത്യന്‍ പളളികളില്‍ നിന്ന് ഫെബ്രുവരി രണ്ടിനും വിദ്യാലയങ്ങളില്‍ നിന്ന് ഫെബ്രുവരി ആറിനുമാണ് ധനസമാഹരണം നടത്തുക. സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ കിഡ്‌നി രോഗികള്‍ക്ക് പുറമെ മാനസിക വെല്ലുവിളി നേരിടുന്നവരെയും ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായി മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തും. ഇവര്‍ക്കായി ഡെ കെയര്‍ തുടങ്ങാനും സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. 2011 ഡിസംബറില്‍ തുടങ്ങിയ സൊസൈറ്റിക്കു കീഴില്‍ ഇതുവരെ രണ്ടര കോടി രൂപയുടെ ഡയാലിസിസ് ഇതുവരെ നടത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ സ്‌നേഹസ്പര്‍ശത്തിന് ലഭിച്ച വലിയ അംഗീകാരമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനം ലഭ്യമാക്കാനും അധികൃതരെ പ്രേരിപ്പിക്കുന്നത്. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ എ ഇ ഒ മാര്‍, ഡി ഇ ഒ മാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ സ്‌കൂളുകളിലെ ഫണ്ട് ശേഖരണത്തിന്റെ നടപടികള്‍ ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സി എ ലത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രസന്നകുമാരി, സ്‌നേഹസ്പര്‍ശം ജോയിന്റ് കണ്‍വീനര്‍ ഡോ വി ഇദ്‌രീസ്, ജില്ലാ പഞ്ചായത്ത് അംഗം പി ജി ജോര്‍ജ് മാസ്റ്റര്‍, ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡയറക്ടര്‍ ഇ കെ രാജന്‍, ഡി ഇ ഒ ഇ രാജഗോപാലന്‍, ഡി ഇ ഒ ഡോ ഗിരീഷ് ചോലയില്‍ സംബന്ധിച്ചു.