ദക്ഷിണാഫ്രിക്കയും തകരുന്നു; ആറിന് 213

Posted on: December 20, 2013 7:04 am | Last updated: December 20, 2013 at 7:07 am
indian team
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍

ജോഹന്നസ്ബര്‍ഗ്: ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 280ന് അവസാനിച്ചു. ലീഡ് ലക്ഷ്യമിട്ട് ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക, രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറ് വിക്കറ്റിന് 213 എന്ന നിലയില്‍ പരുങ്ങുന്നു. പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ ഡു പ്ലെസിസ് (17), വെര്‍നോന്‍ ഫിലാണ്ടറും (48) ചെറുത്തുനില്‍പ്പുമായി ക്രീസിലുണ്ട്. വൈകീട്ട് ചായക്ക് ശേഷമുള്ള സെഷനിലാണ് ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ പാളയത്തില്‍ വിള്ളലുണ്ടാക്കിയത്. ഹാഷിം അംലയുടെ (36) കുറ്റിയിളക്കി ഇഷാന്ത് ശര്‍മയാണ് തകര്‍ച്ചക്ക് തുടക്കമിട്ടത്. തൊട്ടടുത്ത പന്തില്‍ എല്‍ ബി ഡബ്ല്യുവിലൂടെ ജാക് കാലിസിനെ (0) ഗോള്‍ഡന്‍ ഡക്കാക്കി ഇഷാന്ത് ജ്വലിച്ചു. തൊട്ടടുത്ത ഓവറില്‍ സഹീര്‍ ഖാന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനെ (68) വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് പന്തിനിടെ ഡുമിനി(2)യെയും ഡിവില്ലേഴ്‌സിനെ(13) പുറത്താക്കി മുഹമ്മദ് ഷമിയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. നേരത്തെ അജിങ്ക്യ രഹാനെ (47), ധോണി (19) എന്നിവര്‍ പുറത്തായതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. അശ്വിന്‍ 11 നോട്ടൗട്ട്.