Connect with us

International

പാക്കിസ്ഥാന്‍ ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് പാക് മാധ്യമങ്ങള്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗാഡയെ അറസ്റ്റ് ചെയ്ത് അധിക്ഷേപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ച ഇന്ത്യക്ക് പാക് പത്രത്തിന്റെ പ്രശംസ.
അമേരിക്കക്കെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നടപടി പാക്കിസ്ഥാന് പാഠമാണെന്ന് പാക്കിസ്ഥാനിലെ ന്യൂസ് ഇന്റര്‍നാഷനല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പ്രതികരണത്തെ പാകിസ്ഥാനിലെ ജനങ്ങള്‍ അസൂയയോടെയാണ് വീക്ഷിക്കുന്നതെന്നും പത്രം പറയുന്നു. അഭിമാനമുള്ള ഒരു രാജ്യം എപ്രകാരം പ്രതികരിക്കും എന്നതിന് തെളിവാണ് ഇന്ത്യയുടെ നടപടി.
റാവല്‍പിണ്ടിയും ഇസ്‌ലാമാബാദും ഇന്ത്യയുടെ ഈ സമീപനത്തില്‍ നിന്നും ഇനിയെങ്കിലും പാഠമുള്‍ക്കൊള്ളുമോ എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്. പത്രത്തിന്റെ നയതന്ത്രകാര്യ എഡിറ്റര്‍ മരിയാന ബാബര്‍ ആണ് ലേഖനം എഴുതിയത്. യുവതിയായ നയതന്ത്ര ഉദ്യോഗസ്ഥയെ കുട്ടികളുടെ മുന്നില്‍ വെച്ച് നടുറോഡില്‍ കൈയാമം വെച്ച് നടത്തിച്ചത് അത്യന്തം ഞെട്ടിക്കുന്ന സംഭവമാണ്.
കൊടും ക്രിമിനലുകളോട് പെരുമാറുന്നത് പോലെയായി ഇതെന്ന് പത്രം കുറ്റപ്പെടുത്തി. ഇന്ത്യയും യു എസും തമ്മിലുള്ള ബന്ധം ഉലയാതിരിക്കാന്‍ ഇന്ത്യയുടെ നിലപാടുകളോട് യു എസ് വഴങ്ങുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അമേരിക്കയുടെ ഹീനമായ നടപടിക്കെതിരെ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തും അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയും ഇന്ത്യ പ്രതികരിച്ചിരുന്നു.
പാക്കിസ്ഥാനിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് അമേരിക്കയോട് നയതന്ത്ര സമ്മര്‍ദ്ദം ചൊലുത്താത്ത സര്‍ക്കാര്‍ നടപടിയില്‍ പാക് പത്രങ്ങള്‍ നേരത്തെ സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.

Latest