ഗോള്‍ഡന്‍ ജൂബിലി നിറവില്‍ ദുബൈ പബ്ലിക് ലൈബ്രറി: ആഘോഷ പരിപാടികള്‍ 22ന്

Posted on: December 19, 2013 7:00 pm | Last updated: December 21, 2013 at 7:46 am

libraryദുബൈ: എമിറേറ്റിന്റെ പുതിയൊരു സാഹിത്യ സംസ്‌കാരത്തിനു നാന്ദിയായി 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ദുബൈ പബ്ലിക് ലൈബ്രറി ഗോള്‍ഡന്‍ ജൂബിലി നിറവില്‍. യശശരീരനായ ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ സാഹിത്യ പ്രചാരണത്തോടുള്ള താല്‍പര്യത്തിന്റെ തെളിവാണ് വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പബ്ലിക് ലൈബ്രറികള്‍. ദുബൈയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ ജനങ്ങളില്‍ വായനാ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 50 വര്‍ഷം മുമ്പ് ദേര അല്‍റാസിലാണ് ആദ്യമായി ശൈഖ് റാശിദ് പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നത്.
പൊതുജനങ്ങളില്‍ ഇതിനുള്ള സ്വാധീനം മനസിലാക്കിയ ശൈഖ് റാശിദ് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഇതേ മാതൃകയില്‍ പൊതുജനങ്ങള്‍ക്കായി ലൈബ്രറി സ്ഥാപിക്കുകയായിരുന്നു.
അറബി ഭാഷക്കും സാഹിത്യത്തിനും പ്രാമുഖ്യം നല്‍കിയാണ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ സൗകര്യപ്പെടുത്തിയിരിക്കുന്നത്. ആവശ്യക്കാരായ ഏതൊരാള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള ലൈബ്രറികളുടെ നിയന്ത്രണം ദുബൈ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റിക്കാണ്.
പൊതുസമൂഹത്തിന്റെ സാഹിത്യ വളര്‍ച്ചക്കും വൈജ്ഞാനിക വര്‍ധനവിനും സഹായകരമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ ദുബൈ ലൈബ്രറി നേതൃത്വം നല്‍കിയതായി ദുബൈ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദുബൈ പബ്ലിക് ലൈബ്രറി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. ഈ മാസം 22നാണ് പരിപാടികള്‍. ലൈബ്രറി സ്ഥാപകനും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിന്‍ സഈദ് അള്‍ മക്തൂമിനോടുള്ള ആദര സൂചകമായാണ് സുവര്‍ണ ജൂബിലി ആഘോഷമെന്ന് അധികൃതര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മേഖലയിലെ പ്രഥമ സംരംഭമായ അല്‍ റാസ് ലൈബ്രറിയുടെ സ്ഥാപനവും വളര്‍ച്ചയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം പരിപാടികളില്‍ മുഖ്യ ഇനമാണ്.
ദുബൈ ലൈബ്രറിയുടെ വളര്‍ച്ചയില്‍ പങ്കാളിയായ സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും പരിപാടിയില്‍ ആദരിക്കും.