നിഷേധിച്ച ഇന്‍ഷുറന്‍സ് തുക കോടതി വിധിയിലൂടെ ലഭിച്ചു

Posted on: December 19, 2013 6:30 pm | Last updated: December 19, 2013 at 6:43 pm

ദുബൈ: മലയാളിയുടെ കുടുംബത്തിന് നിഷേധിക്കപ്പെട്ട ഇന്‍ഷുറന്‍സ് തുക കോടതി വിധിയിലൂടെ ലഭിച്ചു. കൊല്ലം സ്വദേശി ദുബൈയില്‍ 25 വര്‍ഷമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്ന ജോണിന്റെ കുടുംബത്തിനാണ് ഇതു വഴി തുക ലഭിച്ചത്.
ജോണിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 30 ദിര്‍ഹം വീതം എല്ലാ മാസവും അമേരിക്കന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് (അലീകോ) ഇന്‍ഷുറന്‍സ് പ്രീമിയമായി എടുത്തിരുന്നു. ഫോണിലൂടെ സമ്മതം നേടിയാണ് ഇത്തരത്തില്‍ തുക എടുത്തിരുന്നത്. 2009ല്‍ ഇദ്ദേഹം ഹൃദയാഘാതം മൂലം കേരളത്തില്‍ മരിച്ചു.
ക്രെഡിറ്റ് കാര്‍ഡിന്റെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് ഇങ്ങനെ ചെറിയ ഒരു തുക ഇന്‍ഷുറന്‍സിലേക്ക് എല്ലാ മാസവും പിടിച്ചിരിക്കുന്നതായി അദ്ദേഹത്തിന്റെ മകന് ബോധ്യപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡിന്റെ മേലുള്ള ക്രെഡിറ്റിന്റെ പരിരക്ഷ മാത്രമേ ലഭിക്കുകയുള്ളൂവെന്നായിരുന്നു അദ്ദേഹം മനസ്സിലാക്കിയിരുന്നത്. അതിനു ശേഷം യാദൃഛികമായി അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി ഫോണില്‍ ബന്ധപ്പെട്ട് നിയമോപദേശം തേടിയപ്പോഴാണ് ഇതിന്റെ വിശദാംശങ്ങള്‍ മനസ്സിലായത്. തുടര്‍ന്ന് അഡ്വ. ശംസുദ്ദീന്റെ ഉപദേശ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്‌ളെയിം അപേക്ഷ സമര്‍പ്പിച്ചു.
എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തില്‍ മരിച്ച വ്യക്തി വളരെക്കാലമായി രക്തസമ്മര്‍ദത്തിന് ചികിത്സയിലായിരുന്നുവെന്നും ഈ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാതെ രോഗ വിവരം മറച്ചു വെച്ചാണ് പോളിസി എടുത്തതെന്നുമുള്ള കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. അക്കാരണത്താല്‍ ഇന്‍ഷുറന്‍സ് തുകക്കുള്ള അപേക്ഷ ഇന്‍ഷുറന്‍സ് കമ്പനി തള്ളുകയായിരുന്നു. ഒരു ലക്ഷം ദിര്‍ഹമായിരുന്നു ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കേണ്ടിയിരുന്നത്.
ഇതിനെതിരെ ദുബൈ അല്‍കബ്ബാന്‍ അഡ്വക്കേറ്റ്‌സ് മുഖേന ഷാര്‍ജ സിവില്‍ കോടതിയില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഈ കേസിലാണ് ഒരു ലക്ഷം ദിര്‍ഹമും കോടതി ചെലവും പലിശ സഹിതം നല്‍കാന്‍ കോടതി അലീകോ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും തുക കൈപ്പറ്റി മരിച്ചയാളുടെ അവകാശികള്‍ക്ക് കൈമാറി. ഇങ്ങനെയുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുമ്പോള്‍ ബാങ്കോ, ഇന്‍ഷുറന്‍സോ വ്യക്തികളുടെ ആരോഗ്യ നിലവാരത്തെപ്പറ്റിയോ രോഗ വിവരങ്ങളെപ്പറ്റിയോ ഉള്ള യാതൊരുവിധ അന്വേഷണം നടത്തുകയോ സര്‍ട്ടിഫിക്കറ്റുകളോ സത്യവാങ്മൂലങ്ങളോ ആവശ്യപ്പെടുകയോ ചെയ്യാറില്ല. നേരെ മറിച്ച്, ഫോണിലൂടെ ബന്ധപ്പെട്ട് നേടുന്ന സമ്മത പ്രകാരമാണ് പോളിസി നല്‍കുന്നതും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ നിന്നും തുക ഈടാക്കുന്നതും. ഒട്ടനവധി ആളുകള്‍ക്ക് ഇതേപ്പറ്റി അറിയാത്തതു കൊണ്ടാണ് പലപ്പോഴും നിയമ നടപടികള്‍ക്ക് മുതിരാതെ അവകാശപ്പെട്ട തുക ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്.